കോഴിക്കോട് സ്വകാര്യബസിലെ യാത്രക്കാരനെ അക്രമിച്ച സഹയാത്രക്കാരൻ കസ്റ്റഡിയിൽ. പറമ്പിൽ ബസാർ സ്വദേശി റംഷാദിനെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി 9 മണിക്ക് പെരുമണ്ണയിൽ നിന്ന് സ്വകാര്യ ബസിൽ കയറിയ മാങ്കാവ് സ്വദേശി ടി.നിഷാദിനാണ് മർദനമേറ്റത്. പ്രകോപനമൊന്നുമില്ലാതെ റംഷാദ് നിഷാദിന്റെ കഴുത്തിൽ പിടിച്ചു മുറുക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവസമയം ഇയാൾ മദ്യപിച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. നിഷാദിന്റെ മൊബൈൽ ഫോണും 4500 രൂപയും ബലമായി പിടിച്ചു വാങ്ങി. അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.