soothravakyam

ഷൈന്‍ ടോം ചാക്കോയ്​ക്കെതിരെയുള്ള വിന്‍സിയുടെ പരാതിയും വിവാദങ്ങളും സിനിമയെ ബാധിക്കുന്നുവെന്ന് സൂത്രവാക്യം നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രകുല. ഷൈനുമായുള്ള പ്രശ്​നം സെറ്റിലെ കുറച്ചുപേര്‍ക്ക് അറിയാമായിരുന്നുവെന്നും താന്‍ ഈ വിവാദത്തിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ താന്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ആദ്യസിനിമ തന്നെ വിവാദത്തിലായെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 

‘ഈ വിവാദവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനു ശേഷം വിൻ സി.യുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഷൈനുമായുള്ള പ്രശ്നം സിനിമാ സെറ്റിലെ കുറച്ച് പേർക്ക് അറിയാമായിരുന്നുവെന്ന് വിൻ സി  പറഞ്ഞു. എന്നാല്‍  ഈ വിഷയത്തില്‍ നേരിട്ടാരും ഒരു പരാതിയും തന്നോട് പറഞ്ഞിട്ടില്ല. ഐസിസി മീറ്റിങിനു ശേഷം നിങ്ങൾക്കിത് വിൻ സിയോടും ചോദിക്കാം.

ഈ വിവാദത്തിലൊന്നും ഞാൻ ഉൾപ്പെട്ടിട്ടില്ല. സെറ്റിൽ നടന്ന പ്രശ്നങ്ങളെക്കുറിച്ചും അറിയില്ല. പക്ഷേ എന്‍റെ സിനിമയെ ഇത് വലിയ രീതിയിൽ ബാധിച്ചു. മലയാളത്തിലെ സിനിമാ മേക്കിങ് ഇഷ്ടപ്പെട്ടതുകൊണ്ട് ഇവിടെ വന്നതാണ്. ഒരുപാട് സിനിമകൾ നിർമിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ ആദ്യ സിനിമ കൊണ്ട് ഞാൻ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. എന്തു ചെയ്യണമെന്നറിയില്ല, നന്നായി ഉറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി. വലിയ മാനസിക സമ്മർദത്തിലാണ് ഇപ്പോഴുള്ളത്..

ഈ പ്രശ്നം സിനിമയ്ക്കു പുറത്തായിരിക്കണമെന്നും ഇതു സിനിമയെ നെഗറ്റിവ് ആയി ബാധിക്കരുതെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സിനിമയെ ഈ വിഷയം കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈസ്റ്റർ സ്പെഷൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. വിൻ സിയോ ഷൈൻ ടോമോ അതു പങ്കുവച്ചിട്ടില്ല. അവർ പ്രമോട്ടും ചെയ്യുന്നില്ല. ആ പോസ്റ്റർ നൂറ് പേരിലേക്കുപോലും എത്തിയിട്ടില്ല. പുതിയ പോസ്റ്ററുകളൊന്നും അവർ കൊളാബ് ചെയ്യുന്നില്ല. വേണമെങ്കില്‍ വിൻ സിയുടെയും ഷൈനിന്റെയും വീട്ടിൽപോയി നേരിട്ടു ചെന്ന് കാര്യങ്ങൾ ചർച്ച ചെയ്യാം. സിനിമയ്ക്കു നല്ലതു വരണം.

ഇതുവളരെ നെഗറ്റിവ് ആയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. വിതരണക്കാർ ഈ സിനിമ എടുക്കില്ലെന്നും പ്രേക്ഷകർ തിയറ്ററുകളിലേക്ക് വരില്ലെന്നുമൊക്കെ പലരും ഫോൺ വിളിച്ചു പറയുന്നുണ്ട്. ഞാനിപ്പോൾ എന്റെ സിനിമയ്ക്കുവേണ്ടി പോരാടുകയാണ്. പ്രേക്ഷകർ എന്റെ സിനിമ കാണാൻ തിയറ്ററുകളിലേക്ക് വരണമെന്ന് അപേക്ഷിക്കുന്നു. വിതരണക്കാരും തിയറ്റർ ഉടമകളും ചിത്രം തിയറ്ററുകളിലെത്താൻ സഹായിക്കണം. നിർമാതാക്കളും താരങ്ങളും എന്നെ പിന്തുണയ്ക്കണം. സിനിമയ്ക്കൊപ്പം നിന്ന ഉണ്ണി മുകുന്ദനോടും നന്ദിയുണ്ട്. സൂത്രവാക്യം സിനിമയെ രക്ഷിക്കുക,’ ശ്രീകാന്ത് പറഞ്ഞു. 

ENGLISH SUMMARY:

Producer Sreekanth Kandrakul stated that the controversy involving Shine Tom Chacko and the complaint filed by Vinci is affecting the film. He mentioned that only a few people on set were aware of the issue with Shine and clarified that he is not involved in any of the controversies. Sreekanth also expressed his disappointment, saying he had hoped to work on many Malayalam films, but his very first project has now become embroiled in controversy.