കണ്ണൂരില്‍ വീണ്ടും ക്ഷേത്രോല്‍സവത്തില്‍ സിപിഎം ആഘോഷം. പാനൂര്‍ കൊല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോല്‍സവത്തിനിടെയാണ് ചെ ഗവാരയുടെ പതാകയും വിപ്ലവ ഗാനങ്ങളും ഉള്‍പ്പെടുത്തി ഘോഷയാത്ര നടത്തിയത്. ഇന്നലെ രാത്രിയിലാണ് ക്ഷേത്രാങ്കണത്തിന് പുറത്ത് ഡി.ജെ സെറ്റും ലൈറ്റുകളും ഉപയോഗിച്ചുള്ള പാര്‍ട്ടിക്കാരുടെ നൃത്തം അരങ്ങേറിയത്.
കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിന് പിന്നാലെ ക്ഷേത്രോല്‍സവത്തില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം ഉണ്ടായിരിക്കെയാണ് വീണ്ടും സമാന സംഭവം അരങ്ങേറിയത്.
വിഷയത്തില്‍ സിപിഎം നേതാക്കള്‍ പ്രതികരണത്തിന് തയ്യാറായില്ല. സിപിഎമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു. സിപിഎം നേതാക്കളുടെ അറിവോടെയാണ് ആഘോഷമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സി.പി.എമ്മിന്റെ പോക്ക് എങ്ങോട്ടെന്ന് ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ചോദിച്ചു. ബി.ജെ.പിയും സമാനമായാണ് ക്ഷേത്രങ്ങളില്‍ ഇടപെടുന്നതെന്നും ഡി.സി.സി അധ്യക്ഷന്‍ പറഞ്ഞു. മൊയിലോമിലേത് സി.പി.എം നേതാക്കളുടെ അറിവോടെയെന്ന് ബി.ജെ.പി സൗത്ത് ജില്ലാ അധ്യക്ഷന്‍ ബി.ജെ.പി പതാക ക്ഷേത്രങ്ങളില്‍ ഉയര്‍ത്താറില്ലെന്നും ബിജു എളക്കുഴി പറഞ്ഞു.