ജോലി സ്ഥലത്ത് ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ട നടി വിന്‍ സി അലോഷ്യസിനെതിരെ വന്‍ സൈബര്‍ ആക്രമണം തുടരുകയാണ്. അസഭ്യപ്രയോഗങ്ങളിലൊതുങ്ങുന്നില്ല, ഇനി സിനിമാലോകത്ത് വിന്‍ സിയെ കാത്തിരിക്കുന്നതെന്തായിരിക്കുമെന്ന് ഭീഷണി രൂപത്തില്‍ ഓര്‍മപ്പെടുത്തലുകളുണ്ട്, വ്യക്തിഹത്യയുണ്ട്, ഗൂഢാലോചനാ സിദ്ധാന്തങ്ങളുണ്ട്. എല്ലാത്തിന്‍റെയും ഉന്നം ഒന്നു തന്നെ, വിന്‍ സിയെ നിശബ്ദയാക്കുക. വിന്‍ സിയെ മാത്രമല്ല, ഇനിയും ഇങ്ങനെ വിളിച്ചു പറയാന്‍ സാധ്യതയുള്ള എല്ലാ സ്ത്രീകളെയും നിശബ്ദരാക്കുക. എന്തൊക്കെ അപമാനം സഹിച്ചാലും ലൈംഗികാതിക്രമം നേരിട്ടാലും മിണ്ടാതിരുന്നോളുക എന്ന പുരുഷമേധാവിത്ത സമൂഹത്തിന്റെ ഭീഷണിയാണ് വിന്‍ സിക്കെതിരെയും ഒരു മാറ്റവുമില്ലാതെ ആവര്‍ത്തിക്കുന്നത്.
ഒന്നോര്‍ത്തു നോക്കൂ. വിന്‍ സിയാണ് അപമാനിക്കപ്പെട്ടത്. ജോലി സ്ഥലത്ത് മോശം പെരുമാറ്റം അനുഭവിക്കേണ്ടി വന്നത്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അപമാനവും അനീതിയും കടിച്ചമര്‍ത്തി ജോലി പൂര്‍ത്തിയാക്കിയ ശേഷം ഇതാവര്‍ത്തിക്കരുത് എന്നു തോന്നിയപ്പോഴാണ് അവര്‍ സ്വന്തം അനുഭവം സമൂഹത്തോടു പറഞ്ഞത്. ഇതു ശരിയല്ല, ഇത് സഹിക്കേണ്ട കാര്യം സ്ത്രീകള്‍ക്കില്ല, മര്യാദയോടെ പെരുമാറൂ എന്നാണ് അവര്‍ പരാതിയിലും ആവശ്യപ്പെടുന്നത്. പക്ഷേ എല്ലാ കുറ്റവും ചെയ്തത് വിന്‍ സിയെന്ന മട്ടില്‍ വലിയൊരു വിഭാഗം അവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ യുദ്ധം പ്രഖ്യാപിക്കുന്നു. കടുത്ത ആക്ഷേപവാക്കുകളും ഭീഷണികളും ഉയര്‍ത്തി മനം മടുപ്പിക്കുന്നു. തുറന്നു പറയേണ്ടായിരുന്നു എന്നു തോന്നുന്ന മാനസികാവസ്ഥയിലേക്ക് അതിവേഗം എത്തിക്കുന്നു.
എന്തിനാണിത്? എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഒരു സ്ത്രീയുടെ പരാതി എങ്ങനെയാണ് ഈ സംഭവങ്ങളുമായൊന്നും ഒരു ബന്ധവുമില്ലാത്ത വലിയൊരു കൂട്ടം മനുഷ്യരെ ഇങ്ങനെ അസ്വസ്ഥരാക്കുന്നത്? എന്തിനാണവര്‍ ശാപവചനങ്ങളുമായി പരാതിക്കാരിയെ വേട്ടയാടാന്‍ കുതിക്കുന്നത്? ഇത് ആദ്യമായല്ലെന്നും നമുക്കറിയാം. മനുഷ്യരെയാകെ ഞെട്ടിക്കുന്ന തരത്തില്‍ ലൈംഗികപീഡനത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ആക്രമിക്കപ്പെട്ട നടിയും ഇപ്പോഴും ഇതേ ആക്രമണം പല തരത്തില്‍ നേരിടുന്നുണ്ട്. സ്വാധീനശേഷിയുള്ള നിര്‍മാതാവിന്റെ ചൂഷണത്തിനെതിരെ പരാതി നല്‍കിയ നടിയും ആക്രമിക്കപ്പെട്ടു. എന്തിനേറെ ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരാതിയുമായി രംഗത്തെത്തിയ സ്ത്രീകളെല്ലാം നിര്‍ദാക്ഷിണ്യം ആക്രമിക്കപ്പെട്ടു. അതിനും മുന്‍പ് ഇവിടെ ഇത്തരത്തിലുള്ള കടുത്ത ചൂഷണവും അനീതിയുമുണ്ട് എന്നു തുറന്നു പറഞ്ഞ് പോരാട്ടത്തിനിറങ്ങിയ WCC അംഗങ്ങളെല്ലാം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷവും ഇപ്പോഴും എന്നും എവിടെയും അധിക്ഷേപം നേരിടുന്നു. നിലനില്‍ക്കുന്ന ചൂഷണത്തിനെതിരെ വിരല്‍ ചൂണ്ടുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഈ സ്ത്രീകളെല്ലാം ശത്രുക്കളാണ് എന്ന് തോന്നുന്നതാര്‍ക്കാണ്?
ഇതാണ് പുരുഷമേധാവിത്തസമൂഹത്തിന്റെ പൊതു മനഃശാസ്ത്രം എന്നതിന് ലോകമെമ്പാടും തെളിവുകളുണ്ട്. ഇത്തരം അനീതിയും ചൂഷണവും അവസാനിപ്പിക്കണമെന്ന ആവശ്യത്തെ ആരാണ് പേടിക്കുന്നത്? ഇത്തരം കുറ്റകൃത്യങ്ങളെ മാനസികമായി ന്യായീകരിക്കുന്ന എല്ലാവരും എന്നാണ് മനഃശാസ്ത്രത്തിന്റെ ഉത്തരം. പരാതിക്കാരെ ആക്രമിക്കാനും നിശബ്ദരാക്കാനും അജ്ഞാതസമൂഹം ഒന്നിക്കുന്നതിന്‍റെ കാരണങ്ങള്‍ ഇനി പറയുന്നു.
സ്ത്രീയേക്കാള്‍ അധികാരവും ശക്തിയും തങ്ങള്‍ക്കാണ് എന്നു സ്ഥാപിക്കാനാണ് പുരുഷന്‍ ലൈംഗികാതിക്രമം നടത്തുന്നതു തന്നെ. അപ്പോള്‍ ഇരയായ സ്ത്രീ അത് ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്യുന്നത് സമാനമനസ്കരായ എല്ലാ പുരുഷന്‍മാരിലും ആശങ്കയുണ്ടാക്കുന്നു. പുരുഷന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്യപ്പെടുന്നു എന്ന ഭീതി അവര്‍ക്കുണ്ടാകുന്നു. അതുകൊണ്ട് ഇരയെ അധിക്ഷേപിച്ചു നിശബ്ദയാക്കണമെന്ന വെമ്പലുണ്ടാകുന്നു
ബലാല്‍സംഗ സംസ്കാരം നിലനില്‍ക്കുന്ന സമൂഹം ലൈംഗികാതിക്രമത്തെ തീര്‍ത്തും നിസാരമായി കാണുന്നു. ഇതൊക്കെ ഒരു പ്രശ്നമാണോ? പുരുഷന്‍മാരായാല്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ ചെയ്തെന്നിരിക്കും തുടങ്ങിയ ചോദ്യങ്ങളൊക്കെ സ്ത്രീകളുടെ അവകാശങ്ങളെ തീര്‍ത്തും നിസാരമായി കാണുന്ന സമൂഹത്തിന്റെ ഉല്‍പന്നങ്ങളാണ്. സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥപ്രയോഗങ്ങളും അശ്ലീലവും അസഭ്യവും നിറഞ്ഞ ഭാഷയും ആവര്‍ത്തിക്കപ്പെടുന്നതും ഇതേ സംസ്കാരത്തിന്റെ തെളിവാണ്.
സിനിമ, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ സ്വാധീനമേഖലകളിലെല്ലാം പുരുഷന്‍ എന്നാല്‍ ശക്തിയുടെയും ആധിപത്യത്തിന്റെയും പ്രതീകമായി ചിത്രീകരിക്കപ്പെടുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകവും പിന്തുണയുമാണ്. അത് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അക്രമവാസനയുള്ള പുരുഷന് അരക്ഷിതാവസ്ഥയുണ്ടാകുന്നു. മേല്‍ക്കോയ്മയും ആക്രമണവും എന്റെ അവകാശമാണ് എന്ന ബോധം ചോദ്യം ചെയ്യപ്പെടുന്നു.
സ്ത്രീയെന്നാല്‍ പുരുഷനേക്കാള്‍ ഒരു പടി താഴെയാണെന്നും അച്ചടക്കത്തോടെ ചോദ്യം ചെയ്യാതെ കീഴടങ്ങി നില്‍ക്കേണ്ടവളുമാണെന്ന ധാരണ തെറ്റുമ്പോഴെല്ലാം അരക്ഷിതാവസ്ഥ ഉയര്‍ത്തെണീക്കുന്നു
സമൂഹമാധ്യമങ്ങളില്‍ കിട്ടുന്ന അദൃശ്യതയും സമാനവൈകൃതമനസ്കരുടെ പിന്തുണയും കൂടിയാകുമ്പോള്‍ പരാതി ഉന്നയിച്ചവരെ നിശബ്ദമാക്കാന്‍ പെട്ടെന്ന് ഒന്നിക്കണമെന്ന ചിന്താഗതിയുണ്ടാകുന്നു. ലക്ഷ്യം ഈ പരാതിക്കാരി മാത്രമല്ല, ഇനിയാരും പരാതിയുമായി രംഗത്തു വരരുത് എന്നുറപ്പാക്കുന്ന അധിക്ഷേപം നടത്തുന്നു.
പുരുഷന്‍മാര്‍ മാത്രമല്ല സ്ത്രീകളും ഈ കൂട്ടത്തിലുണ്ട് എന്നത് മറക്കാനാവില്ല. പരാതിക്കാരിക്കെതിരെ രംഗത്തു വരുന്ന സ്ത്രീകള്‍ പ്രധാനമായും ഈ മേല്‍ക്കോയ്മയുടെ താല്‍ക്കാലിക ഗുണഭോക്താക്കളാണ്. പുരുഷനെ ചോദ്യം ചെയ്യാതിരിക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരവും പരിഗണനയും പിന്തുണയുമെല്ലാം കിട്ടും. പക്ഷേ അത് താല്‍ക്കാലികവും സ്ത്രീവിരുദ്ധവുമാണെന്ന് അവര്‍ തന്നെ തിരിച്ചറിയുന്നുമുണ്ടാകില്ല.
പുരുഷാധിപത്യസമൂഹത്തില്‍ പുരുഷന്‍ ചോദ്യം ചെയ്യപ്പെടുമ്പോഴേക്കും അവര്‍ക്കനുകൂലമായി സഹതാപം സൃഷ്ടിക്കപ്പെടുന്നു. അയ്യോ ഒരു പാവം മനുഷ്യന്‍, ഒരു ചെറിയ അബദ്ധം പറ്റിപ്പോയി, അതങ്ങ് ക്ഷമിക്കാത്തതെന്താണ്? ശിക്ഷിക്കപ്പെടണമെന്ന വാശി അഹങ്കാരമാണ് , ധാര്‍ഷ്ട്യമാണ് എന്ന് പറയിക്കുന്നതും ഇതേ മനോഭാവമാണ്.
ഒരു പരാതി ഉയര്‍ന്നു വരുമ്പോള്‍ ഇതുവരെ ചരിത്രത്തിലാകെ സംഭവിച്ചിട്ടുള്ള വ്യാജപരാതികളുടെ കണക്കുമായി വന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുക, ഇവരെയൊക്കെ എങ്ങനെ വിശ്വസിക്കും എന്ന് പരാതിക്കാരെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുക ഇതെല്ലാം സമാനമായ മാനസികാവസ്ഥയില്‍ നിന്നുണ്ടാകുന്നതാണ്.
അപ്പോള്‍ ഇക്കൂട്ടത്തില്‍ നമ്മളില്ല എന്നുറപ്പിക്കാന്‍ ചെയ്യാവുന്നതെന്താണ്? അധിക്ഷേപവും അപമാനവും അതിക്രമവും നേരിട്ടു എന്ന് ഒരു സ്ത്രീ പരാതി ഉന്നയിക്കുമ്പോള്‍ സുതാര്യമായ അന്വേഷണം ഉറപ്പുവരുത്തുക, സ്വതന്ത്രമായ നിയമനടപടിക്കായി വാദിക്കുക, അതിനുള്ള സാഹചര്യമൊരുക്കുക. മുന്‍വിധിയോടെയും ആശങ്കയോടെയും കുറ്റാരോപിതനെ പ്രതിരോധിക്കാന്‍ തുനിയാതിരിക്കുക. ഇരയുടെ അവസ്ഥ മനസിലാക്കി അനുതാപത്തോടെ പെരുമാറുക. ലൈംഗികാതിക്രമം നടത്തുന്നവര്‍ പൊതുവേ സ്ഥിരം കുറ്റവാളികളാണെന്നതും ഇനിയും അത് ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നുമുള്ള യാഥാര്‍ഥ്യത്തിന്റെ ഗൗരവം മനസിലാക്കി പെരുമാറുക.
ENGLISH SUMMARY:
Actress Vinci Aloysius, who spoke out about drug use and misconduct at a workplace, is facing intense cyberattacks. The abuse goes beyond insults, with threats, character assassination, and conspiracy theories — all seemingly aimed at silencing her.