question-paper

കണ്ണൂര്‍ സര്‍വകലാശാലയുടെ ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധം ശക്തം. സര്‍വകലാശാലയിലേക്ക് കെഎസ്‍യുവും എംഎസ്എഫും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതോടെ എല്ലാ പരീക്ഷാ സെന്‍ററുകളിലും നിരീക്ഷകരെ നിയോഗിക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചു.

​സര്‍വകലാശാലയുടെ വീഴ്ചയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്ക് കാരണമെന്നാണ് വിമര്‍ശകരുടെ പക്ഷം. ഇമെയില്‍ വഴി ചോദ്യപ്പേപ്പര്‍ അയക്കുന്ന രീതിയാണ് ഇതിനിടയാക്കിയത്. ഈ സാഹചര്യത്തിലാണ് കെഎസ്‍യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എംഎസ്എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയിലെത്തി. പൊലീസിനെ പ്രവര്‍ത്തകര്‍ അടിച്ചതോടെ പൊലീസ് തിരിച്ചടിച്ചു. 

പിന്നാലെയെത്തിയ കെഎസ്‍യു പ്രവര്‍ത്തകര്‍‍ക്ക് നേരെയും പൊലീസ് നടപടി. ബലം പ്രയോഗിച്ചുള്ള അറസ്റ്റ് നീക്കം പ്രതിരോധിച്ചതോടെ അതും കയ്യാങ്കളിയുടെ വക്കിലെത്തി.  സര്‍വകലാശാലയയുടെ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെ ചോര്‍ച്ച തടയാന്‍ അണ്‍എയ്ഡഡ് കോളജുകളിലെ പരീക്ഷാ സെന്‍ററുകളില്‍ ഓരോ നിരീക്ഷരെ തിങ്കളാഴ്ച മുതല്‍ നിയോഗിക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചു. അറുപതുപേരെ ഇതിനായി ചുമതലപ്പെടുത്തി. ഇമയെലില്‍ നിന്ന് ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോ‍ഡ് ചെയ്യുമ്പോള്‍ ഇവരുടെ സാന്നിധ്യം ഉറപ്പാക്കും. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്സിറ്റി തീരുമാനിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതോടെ കോളജില്‍ നിന്ന് കാസര്‍കോട് ഗവ. കോളജിലേക്ക് പരീക്ഷാ സെന്‍റര്‍ മാറ്റിയിരുന്നു. 

ENGLISH SUMMARY:

Protests erupted at Kannur University over the leak of the BCA 6th semester question paper, leading to clashes between KSU and MSF activists. In response to the controversy, the university decided to appoint invigilators at all exam centers to ensure smooth conduct of examinations.