ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റ ഓർമ പുതുക്കി ഇന്ന് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രാര്‍ഥന ശുശ്രൂഷകള്‍ പുരോഗമിക്കുകയാണ്. വീടുകളിലും ദേവാലയങ്ങളിലും വൈകിട്ട് പെസഹാ അപ്പം മുറിക്കും
യേശു 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓര്‍മദിനമാണ് പെസഹായായി ആചരിക്കുന്നത്. എറണാകുളം കാക്കനാട് സെന്‍ഫ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ കാല്‍ കഴുകയില്‍ ശുശ്രൂഷയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മാതൃദേവാലയമായ കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ പെസഹ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് കാൽകഴുകൽ ശുശ്രൂഷയിൽ കാതോലിക്കാബാവാ മുഖ്യകാർമികനാകും. ക്രിസ്തു 12 ശിഷ്യൻമാരുടെ കാൽകഴുകിയതിന്റെ പ്രതീകമായി 6 കോർ എപ്പിസ്ക്കോപ്പമാരുടെയും 6 വൈദികരുടെയും കാലുകൾ കഴുകും.
തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ്.ജോര്‍ജ് കത്തീഡ്രലില്‍ പെസഹ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ കാര്‍മികത്വം വഹിച്ചു. വൈകിട്ട് നാല് മണിക്ക് ശ്രേഷ്ഠ ബാവയുടെ കാര്‍മികത്വത്തില്‍ കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും.