aninta

നേര്യമംഗലത്തിനു സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനഞ്ചുകാരി മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍പെട്ട ബസിന്‍റെ ഇന്‍ഷുറന്‍സ് അടക്കം കാലഹരണപ്പെട്ടിട്ട് രണ്ടര വര്‍ഷത്തോളമായി എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മാത്രമല്ല അപകടകരമായി വാഹനം ഓവര്‍ടേക്ക് ചെയ്ത സംഭവത്തില്‍ ഇതേ ബസിന് കോട്ടയത്ത് പിഴയിട്ടിട്ടുമുണ്ട്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി കുമളി ഡിപ്പോയിലേതാണ് RSC 598 നമ്പര്‍ ബസ്. 2023 മാര്‍ച്ച് 22 ഓടെ വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് തീര്‍ന്നു. അതിനു മുന്‍പ് 2022 ജൂലൈ എട്ടിന് വൈകിട്ട് 5.30ന് കോട്ടയത്തു നിന്ന് അപകടകരമായി ഓവര്‍ടേക്ക് ചെയ്തതിനാണ് മോട്ടോര്‍വാഹനവകുപ്പ് പിഴയിട്ടത്. 2025 ഏപ്രില്‍ രണ്ടോടെ വാഹനത്തിന്‍റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കേറ്റും കാലഹരണപ്പെട്ടു. 11 വര്‍ഷവും എട്ടുമാസവുമാണ് വാഹനത്തിന്‍റെ പ്രായം. ബസിന്‍റെ പിന്നില്‍ വലതുഭാഗത്തെ രണ്ടു ടയറുകളും തേഞ്ഞുതീര്‍ന്ന അവസ്ഥയിലാണ്. മറ്റ് ടയറുകളുടെ അവസ്ഥയും പരിതാപകരം. ഈ അവസ്ഥയില്‍ കട്ടപ്പനയില്‍ നിന്ന് 49 പേരുമായി എത്തിയ ബസാണ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 25 പേര്‍ക്ക് പരുക്കേറ്റിരുന്നു. 

ഒരു കാറിന് സൈഡ് കൊടുത്തപ്പോള്‍ ബസ് കുഴിയിലേക്ക് വീണു എന്നാണ് ബസിലുണ്ടായിരുന്ന ഒരു യുവതി മനോരമ ന്യൂസിനോട് പ്രതികരിച്ചത്. ഡോറിന്‍റെ തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ഈ യുവതി ഇരുന്നത്. ഇതിനു പിന്നിലായാണ് മരണപ്പെട്ട ഒന്‍പതാം ക്ലാസുകാരി അനിന്‍റ ഇരുന്നിരുന്നത്. അനിന്‍റ ബസ് മറിഞ്ഞപ്പോള്‍ ജനലില്‍ കൂടി തെറിച്ചുവീഴുന്നത് കണ്ടുവെന്ന് യുവതി പറയുന്നു. തെറിച്ചുവീണ അനിന്‍റ ബസിന്‍റെ അടിയിൽപെടുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്. 

ksrtc

‘പാവപ്പെട്ട ഒരു കുടുംബമാണ്, ആ കുഞ്ഞിന്‍റെ അച്ഛൻ നേരത്തെ മരിച്ചതാ, അനിയത്തിയെ കാണാൻ ആശുപത്രിയിലേക്ക് പോയതായിരുന്നു ആ കുഞ്ഞ്, അപ്പോളാണ് ഈ ദുരന്തം’ എന്നാണ് മരണപ്പെട്ട അനിന്റയെപറ്റി നാട്ടുകാര്‍ പറഞ്ഞത്. ആശുപത്രിയില്‍ കിടക്കുന്ന സഹോദരിയെ കാണാനുള്ള യാത്രയിലായിരുന്നു അനിന്‍റ. അപകടത്തില്‍പെട്ട ബസിന്‍റെ ഫിറ്റ്നസ് അടക്കം ചോദ്യം ചെയ്ത് സമൂഹമാധ്യമത്തില്‍ പലരും കുറിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കുറിപ്പ്;

കട്ടപ്പന- എറണാകുളം റൂട്ടിൽ നേര്യമംഗലത്തിനു സമീപം അപകടത്തില്‍പെട്ട KL15A0098 നമ്പർ KSRTC ബസ്സിന്റെ വിവരങ്ങള്‍ ഗവൺമെന്റിന്റെ പരിവാഹനില്‍ പരിശോധിക്കുമ്പോൾ ലഭ്യമാകുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. (PARIVAHAN SEARCHING HISTORY ആധാരം ). ഈ ബസിന്‍റെ ഇൻഷുറൻസ് രണ്ടര വർഷം മുമ്പ് കാലഹാരണപെട്ടു, കൂടാതെ, യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതികളിൽ ഓടിയതിനു ഈ വാഹനത്തിന് നിരവധി തവണ FINE എഴുതിയിട്ടുണ്ട്, പക്ഷെ ഇതുവരെ അടച്ചിട്ടില്ല. 

കൂടാതെ, ഇൻഷുറൻസ് ഇല്ലാതെ ഈ വാഹനം എങ്ങനെ വാർഷിക ഫിറ്റ്നസ് ടെസ്റ്റ്‌ പാസായി? യാത്രക്കാരെ കയറ്റി ഓടുവാൻ ഫിറ്റ്നസ് നേടി? ഇപ്പോൾ ഈ അപകടത്തിൽ മരണപ്പെട്ട ഈ പെൺകുട്ടിക്ക്, ഒപ്പം പരിക്ക് പറ്റിയവർക്ക് ആരാ നഷ്ടപരിഹാരം നൽകുക? കേരളത്തിൽ ഓരോ കൊടും വളവിലും, പാവപ്പെട്ട, ഓട്ടോ, TAXI, പ്രൈവറ്റ് BUS എന്നിവക്ക്, തോന്നും പടി FINE ഈടാക്കുന്ന, MVD ഉദ്യോഗസ്ഥർ കാണുന്നില്ലേ ഇതൊന്നും?

ഇൻഷുറൻസ് ഇല്ലാത്ത ഈ വാഹനത്തിൽ രാവും പകലും വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കും അവരുടെ ജീവനും സ്വത്തിനും എന്താ സംരക്ഷണം? സാധാരണ ജനത്തിന്റെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും നൽകാതെയാണ് സർവീസ് നടത്തുന്നതെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ടത് അല്ലേ? Parivahan സൈറ്റിൽ കാണുന്നത് പോലെ ഇൻഷുറൻസ് ഇല്ലാത്തതിന് ഒരു തവണ 2000രൂപ പിഴ ചുമത്തിയിട്ടുണ്ട് എങ്കിൽ, ഇൻഷുറൻസ് സംബന്ധമായ ഇളവുകൾ മേൽപ്പറഞ്ഞ വാഹനത്തിന് ബാധകമല്ല എന്നല്ലേ? 

ENGLISH SUMMARY:

More details have emerged regarding the KSRTC bus accident near Neryamangalam, in which a 15-year-old girl tragically lost her life. Reports indicate that the bus involved in the accident had been operating without valid insurance and other necessary documents for nearly two and a half years. Additionally, it has come to light that the bus had previously been fined in Kottayam for dangerously overtaking another vehicle. Evidence related to these serious violations is now surfacing as part of the ongoing investigation.