കോട്ടയം ഏറ്റുമാനൂര്‍ പള്ളിക്കുന്നില്‍ അമ്മയും കുഞ്ഞുങ്ങളും പുഴയില്‍ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. മരിക്കുന്നതിന് മുന്‍പ് ജിസ്മോൾ അച്ഛനെ വിളിച്ചിരുന്നു എന്നാണ് വിവരം. മക്കളെയും കൂട്ടി ജീവനൊടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ജിസ്മോൾ ഫോണ്‍ വച്ചപാടെ അച്ഛന്‍ ജിസ്മോളുടെ ഭര്‍ത്താവ് ജിമ്മിയെ വിളിച്ച് കാര്യം പറഞ്ഞു. ജിമ്മി എത്തിയപ്പോള്‍ കണ്ടത് പൂട്ടിക്കിടക്കുന്ന വീടാണ്. കാന്‍സര്‍ ബാധിതയായ അമ്മയ്ക്കൊപ്പം ആശുപത്രിയിലായിരുന്നു ജിമ്മി.
ജിസ്മോളുടെ സഹോദരങ്ങള്‍ വിദേശത്താണ്. അവര്‍ക്കൊപ്പമാണ് അച്ഛനുമുള്ളത്. മകളുടെയും കൊച്ചുമക്കളുടെയും വിയോഗവാര്‍ത്ത ആ അച്ഛനെയും തളര്‍ത്തിയിരിക്കുകയാണ്. വിദേശത്തുള്ളവര്‍ നാട്ടിലെത്തിയതിനു ശേഷമേ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ. അതിനിടെ ജിസ്മോള്‍ ജീവനൊടുക്കും മുന്‍പ് വീട്ടിലെ ജോലിക്കാരിയോടും സംസാരിച്ചിരുന്നു. പതിവുപോലെ ജോലിക്കെത്തിയ സ്ത്രീയോട് ഇന്ന് തിരിച്ചുപൊയ്ക്കോളൂ എന്ന് ജിസ്മോള്‍ പറഞ്ഞു. വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പോള്‍ കതക് തുറന്നില്ല. പിന്നാമ്പുറത്തെത്തി വിളിച്ചപ്പോള്‍, താന്‍ കുളിക്കുകയാണ് ഇന്ന് വീട്ടിലുണ്ടാകും അതുകൊണ്ട് പൊയ്ക്കോളൂവെന്ന് ജിസ്മോള്‍ പറഞ്ഞുവെന്നാണ് വീട്ടുജോലിക്കാരി പറയുന്നത്.
അതേസമയം ജിസ്‌മോളും ഭർത്തൃമാതാവും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. എന്നാൽ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നങ്ങള്‍ ഇവര്‍ക്കിടയില്‍ ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മുപ്പത്തിനാല് വയസ്സാണ് ജിസ്മോളുടെ പ്രായം. മക്കളായ അഞ്ചുവയസുകാരി നോഹ, രണ്ടുവയസുകാരി നോറ എന്നിവരുമായിട്ടാണ് ജിസ്‌മോള്‍ മീനച്ചിലാറ്റില്‍ ചാടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ALSO READ: ആദ്യം കൈത്തണ്ടമുറിച്ചു, മക്കള്‍ക്ക് വിഷംനല്‍കി; പരാജയപ്പെട്ടപ്പോള്‍ മീനച്ചിലാറ്റില്‍ ചാടി; നോവായി കുഞ്ഞുങ്ങൾ
ഇതിനു മുന്‍പ് വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ജിസ്മോള്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി ജിസ്‌മോള്‍ മീനച്ചിലാറ്റില്‍ ചാടിയതെന്ന് പൊലീസ് പറഞ്ഞു. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്‌മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.