മുനമ്പത്ത് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിന്‍റെ സന്ദര്‍ശത്തിന് പിന്നാലെ വിമര്‍ശനവുമായി ഭരണ, പ്രതിപക്ഷങ്ങള്‍ രംഗത്ത്. മുനമ്പം വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ കള്ളി വെളിച്ചത്തായെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍ മുനമ്പത്തെ പ്രശ്നം പരിഹരിക്കാമായിരുന്നു. ഇതിന് ശ്രമിക്കാതെ വലിച്ചുനീട്ടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
മുനമ്പം വിഷയത്തില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മുനമ്പംകാര്‍ക്ക് നിയമപരിരക്ഷ ലഭിക്കണം. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.
മുനമ്പം ഭൂമി തര്‍ക്കത്തില്‍ പുതിയ നിയമം ബാധകമാകുമെന്ന് വ്യക്തമാക്കിയ റിജിജു പക്ഷെ, മുനമ്പത്തുകാര്‍ നിയമപ്പോരാട്ടം തുടരേണ്ടിവരുമെന്ന സൂചനയും നല്‍കി. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും ന്യൂനപക്ഷകാര്യമന്ത്രി അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നത് പരിമതിയുണ്ടെന്നും കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട കിരണ്‍ റിജിജു പറഞ്ഞു.
വഖഫ് നിയമഭേദഗതിയും മുനമ്പം ഭൂമി പ്രശ്നവും ഉയര്‍ത്തിക്കാട്ടി ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി നീക്കത്തിനിടെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു മുനമ്പം സമരപ്പന്തലിലെത്തി. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി മുനമ്പം സമരപ്പന്തലിലെത്തിയത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി നേതാക്കളും കിരണ്‍ റിജിജുവിനൊപ്പമുണ്ട്.