സംസ്ഥാന സര്‍ക്കാരിന് 6000 കോടി രൂപയുടെ അധികവായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ട്രഷറിയില്‍ പ്രതിസന്ധി ഒഴിയുന്നു. വൈദ്യൂതി പരിഷ്കരണം നടത്തിയ വകയിലാണ് അധികവായ്പ. വായ്പ ലഭിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ ട്രഷറിയില്‍ അധിക നിയന്ത്രണങ്ങള്‍ക്ക് ആലോചനയുണ്ടായിരുന്നു.
കടുത്ത ധന ഞെരുക്കത്തില്‍ സാമ്പത്തിക വര്‍ഷാവസാനത്തിലെ അധികച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് സര്‍ക്കാരിന് ആശ്വാസമായി ആറായിരം കോടിയുടെ അധികവായ്ക്ക് അനുമതി ലഭിച്ചത്. വൈദ്യുതി പരിഷ്കരണം നടത്തിയ വകയില്‍ ആരായിരം കോടിയുടെ അധികവായ്പ അനുവദിക്കണമെന്ന് രണ്ടാഴ്ച മുന്‍പ് തന്നെ കേരളം ആവശ്യപ്പെട്ടിരുന്നു. അനുമതി ലഭിച്ചത് ഇന്നലെ വൈകിട്ട് മാത്രം.
ഇന്നാണ് റിസര്‍വ്വ് ബാങ്ക് ആസ്ഥാനത്ത് കടപത്ര ലേലം നടക്കുക. അതിനാല്‍ നാളെയോടെ പണം ട്രഷറിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ സാമ്പത്തിക വര്‍ഷാവസാനത്തെ ഭാരിച്ച ചെലവുകള്‍ നടത്താന്‍ സര്‍ക്കാരിനാകും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്ന വകയില്‍ 5990 കോടി രൂപ അധിക വായ്പ രണ്ടാഴ്ച മുന്‍പ് കേന്ദ്രം അനുവദിച്ചിരുന്നു. ഇതുംകൂടി ചേര്‍ത്ത് ഈ മാസം മാത്രം 12000 കോടിയോളം രൂപയുടെ അധികവായ്പയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇതോടെ ട്രഷറിയില്‍ അധിക നിയന്ത്രണങ്ങള്‍കൊണ്ടുവരാതെ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനാകും.