TOPICS COVERED

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ ചെലവിനുള്ള പണം കണ്ടെത്താന്‍ ധനവകുപ്പിന്‍റെ തിരക്കിട്ട നീക്കം. 25,000 കോടി രൂപയാണ് ഈ മാസം വേണ്ടത്. 5,990 കോടി രൂപയുടെ അധികവായ്പയ്ക്ക് കേന്ദ്രം അനുമതി നല്‍കി. ആറായിരം കോടി കൂടി കടമെടുക്കാന്‍ അനുമതി തേടിയിട്ടുണ്ട്. വകുപ്പുകളുടെ നിക്ഷേപങ്ങള്‍ ട്രഷറിയിലേക്ക് മാറ്റിയും മദ്യത്തിന്‍റെയും ഇന്ധനത്തിന്‍റെയും നികുതിപ്പണം മുന്‍കൂറായി വാങ്ങിയും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് സര്‍ക്കാര്‍.  

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സാമ്പത്തിക വര്‍ഷാവസാനത്തിലെ വന്‍ ചെലവിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ട്രഷറി. കിട്ടാവിന്നിടത്തുനിന്നെല്ലാം പണം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് ആശ്വാസമായി 5990 കോടിയുടെ വായ്പയെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി. വൈദ്യുതി മേഖലയില്‍ നടത്തിയ പരിഷ്കാരം, പങ്കാളിത്ത പെന്‍ഷന്‍ എന്നിവയുടെ ഭാഗമായി 12000 കോടി രൂപയുടെ അധിക വായ്പയെടുക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കേരളത്തിന്‍റെ വാദം. ഇതിലാണ് 5721 കോടിയുടെ അനുമതി. വൈദ്യുതി പരിഷ്കാരം നടപ്പാക്കിയ വകയില്‍ ആറായിരം കോടി കൂടി വായ്പപയെടുക്കാന്‍ അനുമതി ചോദിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം തീരുമാനം പ്രതീക്ഷിക്കുന്നു. വിവിധ വകുപ്പുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണം നേരത്തെ ട്രഷറിയിലേക്ക് മാറ്റിയിരുന്നു. മാറ്റാത്ത വകുപ്പുകള്‍ എത്രയും പെട്ടെന്ന് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം ധനവകുപ്പ് നല്‍കിയിട്ടുണ്ട്. ബവ്റിജസ് കോര്‍പറേഷനില്‍ നിന്നും എണ്ണക്കമ്പനികളില്‍ നിന്നും നികുതിപ്പണം മുന്‍കൂര്‍ വാങ്ങും. കെ.എസ്.എഫ്.ഇ ഉള്‍പ്പെടേയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണമെത്തിക്കും. എല്ലാം ഉദ്ദേശിച്ച പോലെ നടന്നാല്‍ എല്ലാ ബില്ലുകളൊന്നും മടക്കാതെ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാമെന്നാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ.  

ENGLISH SUMMARY:

With only two weeks left for the financial year to end, the Finance Department is making urgent efforts to secure the necessary funds for expenditures. The rush to allocate resources has intensified as deadlines approach.