എറണാകുളം ജനറല്‍ ആശുപത്രിയില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. നവജാത ശിശുവും അമ്മയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രസവാനന്തര ചികില്‍സയിലുള്ള സ്ത്രീകളും കുഞ്ഞുങ്ങളും കൂട്ടിരിപ്പുകാരും കഴിയുന്ന വാര്‍ഡിലായിരുന്നു അപകടം. ഇവരെ മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റി.
എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റ് ഒാപ്പറേറ്റീവ് വാര്‍ഡില്‍ വൈകീട്ടായിരുന്നു അപകടം. മേല്‍ക്കൂരിയില്‍ നിന്നും കോണ്‍ക്രീറ്റ് അടര്‍ന്ന് കിടക്കയിലേയ്ക്ക് വീഴുകയായിരുന്നു. കിടക്കയിലുണ്ടായിരുന്ന നവജാത ശിശുവിനെ കൂട്ടിരിപ്പുകാരി എടുത്തതിന് തൊട്ടടുത്ത നിമിഷമായിരുന്നു അപകടം. അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഏഴു സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും കൂട്ടിരിപ്പുകാരും ആ സമയത്ത് വാര്‍ഡിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
തകര്‍ന്ന ജനല്‍ പാളികളും വിള്ളല്‍ വീണ ചുമരും അടര്‍ന്നു തുടങ്ങിയ മേല്‍ക്കൂരയും പേരിന് മാത്രം വെളിച്ചവുമുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഒാപ്പറേറ്റീവ് വാര്‍ഡ്. ആശുപത്രി സമുച്ചയത്തിലെ മറ്റു ചില കെട്ടിടങ്ങള്‍ക്കും ബലക്ഷയമുണ്ടെന്ന് രോഗികള്‍ പറയുന്നു. അതേസമയം, അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.