ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായെന്ന് തുറന്ന് സമ്മതിച്ച് കേസില്‍ അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ്. എന്നാല്‍ ചോര്‍ത്തിയത് താനല്ലെന്നും കേസില്‍ കുടുക്കിയതാണെന്നുമാണ് ഷുഹൈബിന്‍റെ വാദം. നിര്‍ണായക രേഖകള്‍ വീണ്ടെടുക്കുന്നതിനായി ഷുഹൈബിന്‍റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായില്ലെന്നും പ്രവചനം മാത്രമാണ് നടന്നത് എന്നുമായിരുന്നു മുഹമ്മദ് ഷുഹൈബിന്‍റെ ഇതുവരെയുള്ള വാദം. എന്നാല്‍ ചോദ്യം ചെയ്യലിന്‍റെ ആദ്യമണിക്കൂരില്‍ തന്നെ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായെന്ന് ഷുഹൈബ് സ്ഥിരീകരിച്ചു. എന്നാല്‍ അതിന് പിന്നില്‍ കേസില്‍ നേരത്തെ അറസ്റ്റിലായ അധ്യാപകന്‍ ഫഹദ് ആണ്. ഫഹദിനെ മറ്റൊരു സ്ഥാപനം തന്നെ കുടുക്കാനായി പറഞ്ഞുവിടുകയായിരുന്നു. ഇതിനായി ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
ഷുഹൈബിന്‍റെ ഫോണിലെ പല വിവരങ്ങളും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇവ തിരിച്ചെടുക്കാനായി ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഷുഹൈബിനെ റിമാന്‍ഡ് ചെയ്ത ജയിലിലേയ്ക്ക് അയച്ചു. തിങ്കളാഴ്ച്ച ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ പിടികൂടിയത്.