കൊല്ലം എംഎല്‍എ എവിടെയെന്ന ചോദ്യത്തോട് പ്രകോപിതനായി എം.വി.ഗോവിന്ദന്‍. മുകേഷ് എവിടെയെന്ന് നിങ്ങള്‍ തിരക്കിയാല്‍ മതി. ആരൊക്കെ എവിടെയെന്ന് എനിക്കെങ്ങനെ അറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊല്ലത്ത് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ സിപിഎമ്മിന്‍റെ കൊല്ലം എംഎഎല്‍എ സമ്മേളനത്തിനില്ല. പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതിനാലാണ് അസാന്നിധ്യം. ലൈംഗികാരോപണക്കേസാണ് മുകേഷിന് തിരിച്ചടിയായത്. ലൈംഗിക ആരോപണ കേസിൽ കുറ്റപത്രം കൊടുത്തതോടെയാണ് മുകേഷിനെ മാറ്റി നിർത്താൻ പാർട്ടി തീരുമാനിച്ചത്. പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരോടൊപ്പം എം മുകേഷ് എംഎൽഎ പങ്കെടുത്തിരുന്നു.
പിന്നിട് സംഘാടകസമിതിയിൽ ഉൾപ്പെടെ പ്രധാനപ്പെട്ട ചുമതലയൊന്നും മുകേഷിന് ഇല്ലായിരുന്നു. മുകേഷ് പാർട്ടി അംഗം അല്ലെന്നാണ് നേതാക്കളുടെ വിശദീകരണം. പാർട്ടി ചിഹ്നം നൽകി മത്സരിപ്പിച്ചെന്ന് മാത്രം. ഇതാദ്യമായാണ് ഒരു എംഎൽഎ അതിഥി പോലും അല്ലാതെയാകുന്നത്. എം.എൽ.എ കൊച്ചിയിലോ തിരുവനന്തപുരത്തോ ആണെന്നാണ് വിവരം. കഴിഞ്ഞദിവസം നിയമസഭയിൽ ഉണ്ടായിരുന്നു. സമാപനദിവസം കൊല്ലത്ത് എത്തുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.
മുകേഷിന്റെ കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ഒരു പരിധി വരെ മൗനം പാലിക്കുകയാണ്. ലൈംഗിക പീഡന കേസിൽ കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎൽഎ ആയി തുടരാമെന്നാണ് പാർട്ടി നേരത്തെ എടുത്ത നിലപാട്.