പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ഡോക്ടർ ജോർജ് പി എബ്രഹാം മരിച്ച നിലയിൽ. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ ഫാം ഹൗസിലാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല എന്ന് എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി.
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു , ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. പോക്കറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. ആറുമാസം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം കൈക്ക് വിറയൽ അനുഭവപ്പെട്ടു തുടങ്ങി. സർജൻ എന്ന നിലയിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ജോലിയെ ബാധിച്ചത് മാനസികമായി ഡോക്ടറെ തളർത്തി എന്നാണ് കുടുംബവും പറയുന്നത്. ആതുരസേവനത്തിനായി ജീവിതം ഒഴിഞ്ഞു വെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ജീവിച്ചിരിക്കുന്ന ദാദാവിന് താക്കോൽ ദ്വാര വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധൻ ആയിരുന്നു ഡോക്ടർ ജോർജ് പി എബ്രഹാം. 2500 ലേറെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിൽ 13 വർഷത്തിലേറെ പരിചയമുള്ള ഡോക്ടർ ജോർജ് 9000 ത്തിലധികം ലാപ്രോസ്കോപ്പിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. യൂറോളജി മേഖലയിലെ മികവിന് ഭാരത് ചികിത്സക് രക്തൻ അവാർഡ്, ഭാരത് വികാസ് രത്ന അവാർഡ്, ലൈഫ് ടൈം ഹെൽത്ത് അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൊച്ചി ലേക്ഷോർ ആശുപത്രിയിലെ സീനിയർ സർജൻ ആയിരുന്നു. ഞായറാഴ്ചകളിൽ ഏറെ സമയം നെടുമ്പാശ്ശേരി തുരുത്തിശേരിയിലെ സ്വന്തം ഫാം ഹൗസിൽ ചിലവിടാറുണ്ടായിരുന്നു.
രാത്രി വൈകിയും എളംകുളത്തെ വീട്ടിലേക്ക് തിരികെ എത്താത്തതിനെ തുടർന്ന് മകൻ നടത്തിയ അന്വേഷണത്തിലാണ് ഫാം ഹൗസിലെ ഗോവണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 75 വയസ്സായിരുന്നു.