മരിച്ച ഷഹബാസ്

ഷഹബാസിന്റെ വധക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വെള്ളിമാട്കുന്നിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. നേരത്തേ തന്നെ സഹവിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പ്രതികളെ പരീക്ഷയെഴുതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പരീക്ഷാകേന്ദ്രം മാറ്റുന്നതു സംബന്ധിച്ച പൊലീസിന്റെ ആവശ്യം വിദ്യാഭ്യാസവകുപ്പ് അംഗീകരിക്കുകയായിരുന്നു. കെഎസ്‌യു എംഎസ്എഫ് പോലുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച്  നടത്തുമെന്നും അറിയിച്ചിരുന്നു. പൊലിസ് സുരക്ഷയോടെയായിരിക്കും പരീക്ഷ എഴുതിക്കുക.

അതേസമയം, സംഭവത്തില്‍ പ്രധാന തെളിവായ നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. ഷഹബാസ് മരിച്ചത് നഞ്ചക്ക് കൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയാണ്. പ്രതികളിലൊരാളുടെ വീട്ടില്‍നിന്നാണ് ആയുധം കണ്ടെടുത്തത്. ഒപ്പം നാല് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വധം ആസൂത്രണം ചെയ്തതിന്‍റെ കൂടുതല്‍ തെളിവുകള്‍ ഈ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഒാഡിയോ സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഫോണുകളില്‍ നിന്ന് കണ്ടെത്തിയത്.

കേസില്‍ പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അഞ്ചു പ്രതികളുടെയും വീട്ടിൽ ഒരേ സമയം ആയിരുന്നു പരിശോധന. അതേസമയം രാഷ്ട്രീയ സ്വാധീനത്തിൽ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും നീതി വേണമെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്. ആക്രമണത്തിൽ മുതിർന്നവരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. ഇനിയൊരു കുട്ടിക്കും രക്ഷിതാവിനും ഈ ഗതി ഉണ്ടാകരുതെന്നും ഇഖ്ബാല്‍ പറയുന്നു. ആക്രമണത്തിന് പിന്നിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും കുടുംബം തള്ളിക്കളയുന്നില്ല.

കേസിൽ കൂടുതൽ കുട്ടികളെ പ്രതിചേർക്കാനാണ് പ്രതിചേർക്കാനാണ് തീരുമാനം. സംഘർഷനായി ഒത്തുകൂടിയ 40 പേരിൽ 15 പേർക്കെതിരെ കൂടി കേസെടുക്കും. ഇതിനോടകം ലഭിച്ച ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിക്കുകയാണ്. ഈ പരിശോധന പൂർത്തിയാകുന്ന മുറയ്ക്കാകും  തുടർനടപടി. പിടിയിലായ കുട്ടികൾ കഴിഞ്ഞവർഷം എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച കേസിലും പ്രതികളാണ്. ഈ സംഘർഷത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റിരുന്നു.

ENGLISH SUMMARY:

In the Shahbaz murder case, the exam center for the accused students has been shifted from Thamarassery Higher Secondary School to Vellimadkunnu following concerns raised by fellow students' parents. Police requested the change, which was approved by the education department. Authorities will conduct exams under strict police security. Key evidence, including the nunchaku used in the crime, has been recovered, along with mobile phones containing crucial digital proof. Stay updated on the latest developments in the case.