നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. സുനി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സുനി സ്ഥിരം കുറ്റവാളിയാണെന്ന് കുറുപ്പുംപടി പൊലീസ് ക്രൈംബ്രാഞ്ചിനും റിപ്പോർട്ട് നൽകി.
ഞായറാഴ്ച്ച രാത്രി എറണാകുളം രായമംഗലത്തെ ഹോട്ടലിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിനായിരുന്നു പൾസർ സുനിയുടെ പരാക്രമം. ചില്ല് ഗ്ലാസ് നിലത്തു എറിഞ്ഞുടക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും, സുനി ഉടൻതന്നെ ജാമ്യത്തിൽ ഇറങ്ങി.
എന്നാൽ അതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിലെ സുനിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പ്രോസിക്യൂഷൻ ആരംഭിച്ചു. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കർശന ഉപാധികളോടെയാണ് സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. സുനി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് പ്രോസിക്യൂഷൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത നടപടിയായി പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടും. ഈ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിലായിരിക്കും സുനിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ. സെഷൻസ് കോടതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയാണ് നടപടിയെടുക്കുക.
അതിനിടെ പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്ന് കുറുപ്പുംപടി പൊലീസ് ക്രൈം ബ്രാഞ്ചിന് റിപ്പോർട്ട് നൽകി.