കടൽ മണൽ ഖനനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഖനനത്തിൽ സർക്കാരിന്റെ നിലപാടെന്താണെന്നും മുഖ്യമന്ത്രിയുടെ മൗനം ഭയപ്പെടുത്തുകയാണെന്നും എെഎസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. ഖനനത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൊല്ലത്ത് കടലില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ നേതാക്കളും മല്‍സ്യത്തൊഴിലാളികളും പങ്കെടുത്തു.
മീന്‍പിടിത്ത വളളങ്ങള്‍ കൂട്ടിക്കെട്ടി കടലില്‍ ഒരുക്കിയ സമരവേദി. ഇന്നലെ വൈകിട്ട് തുടങ്ങി ഇന്ന് രാവിലെ സമാപിച്ച കോണ്‍ഗ്രസ് സമരം വേറിട്ടതായി. കേന്ദ്രസര്‌ക്കാര്‍ ഖനനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട കെസി വേണുഗോപാല്‍ എംപി സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നിലപാടെന്താണെന്നും മുഖ്യമന്ത്രിയുടെ മൗനം ഭയപ്പെടുത്തുകയാണെന്നും കളളക്കളി അവസാനിപ്പിക്കണമെന്നും കെസി വേണുഗോപാല്‍ എംപി.
കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രിമാരോട് പോലും കേരളത്തിന്റെ ആശങ്ക പങ്കുവച്ചില്ലെന്ന് മുന്‍ എംപി ടിഎന്‍ പ്രതാപന്‍ പറഞ്ഞു. തുടര്‍സമരത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ അടുത്തമാസം എട്ടിന് ആഴക്കടല്‍ സമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.