മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്കെതിരെ ഇഴഞ്ഞു നീങ്ങി വനം, റവന്യു വകുപ്പുകള്‍. അഞ്ചു വർഷമാകാറായിട്ടും വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചില്ല. മുഖ്യപ്രതികളിൽനിന്നു പിഴ ഈടാക്കാൻ റവന്യൂ വകുപ്പിലും നടപടിയുണ്ടായില്ല. അതിനിടെ കേസിലെ പ്രധാന തെളിവായ മരത്തടികൾക്ക് വനംവകുപ്പ് വേണ്ട സംരക്ഷണം നൽകിയില്ലെന്നും ആക്ഷേപമുയർന്നു.

പിഴയീടാക്കാൻ റവന്യൂ വകുപ്പിലും നടപടിയില്ലമുട്ടിൽ മരം മുറി കേസിനു അഞ്ചു വർഷത്തെ പഴക്കമായി. 15 കോടിയുടെ മരം മുറിയിൽ വിചാരണ തുടരുകയാണ്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച് നടപടി തുടങ്ങിയെങ്കിലും വനംവകുപ്പ് റജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. മുഖ്യപ്രതികളിൽനിന്നു പിഴ ഈടാക്കാനുള്ള നടപടി റവന്യൂ വകുപ്പിൽ നിന്നുമില്ല.

മറ്റു മരംമുറി കേസുകളിൽ പിഴ അടപ്പിക്കാൻ ഊർജിത നടപടികളുമായി റവന്യുവകുപ്പ് മുന്നോട്ട് പോകുമ്പോഴാണ് മുട്ടിൽ കേസിലെ ഇഴഞ്ഞു പോക്ക്.

മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ തുടങ്ങിയവരിൽനിന്ന് 8.29 കോടി രൂപ ഈടാക്കാൻ നോട്ടിസ് നൽകി ഒന്നരവർഷമായിട്ടും തുടർനടപടികളുണ്ടായില്ല. സമയപരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്നിരിക്കെയാണ് റവന്യുവകുപ്പിന്റെ മെല്ലെപ്പോക്ക്. അതിനിടെ കേസിലെ പ്രധാന തെളിവായ മരത്തടികൾ മഴയും വെയിലുമേറ്റ് കുപ്പാടി വനം വകുപ്പ് ഡിപ്പോയിൽ തുടരുകയാണ്. മരം കേടുവരാതെ സംരക്ഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടും ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം. തടികൾ പലതും മണ്ണായി തുടങ്ങി

ഡിപ്പോയിലെ മറ്റു മരങ്ങൾ സൂക്ഷിച്ച പോലെ തന്നെ മുട്ടിൽ മരങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ കേസിലെ പ്രതികൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം.

ENGLISH SUMMARY:

In the Muttil illegal tree felling case, the Forest and Revenue departments have been slow to act against the accused. Even after nearly five years, the Forest Department has not filed a charge sheet. The Revenue Department has also failed to take action to recover fines from the main accused. Meanwhile, allegations have arisen that the Forest Department did not provide adequate protection for the timber, which is a key piece of evidence in the case.