എലിസബത്തും ബാലയും (പഴയ ചിത്രം).
നടന് ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്ത്. ബാല തന്നെ ബലാത്സംഗം ചെയ്തു. സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് തുടങ്ങിയ ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചിരിക്കുന്നത്. ഈ സംഭവത്തിനു ശേഷം പൊലീസ് ഇടപെടലിലൂടെ മാതാപിതാക്കള്‍ തന്നെ കൂട്ടിക്കൊണ്ടു വന്നു, അതിനുശേഷം താന്‍ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചുവെന്നും എലിസബത്ത് പറയുന്നു.
ബാല ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ട്, അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. നിസ്സഹായതയും പേടിയും കാരണം തന്റെ കൈകള്‍ വിറയ്ക്കുകയാണ്. ബാലയെയും ബാലയുടെ ഗുണ്ടകളെയും തനിക്ക് പേടിയാണെന്നും എലിസബത്ത് വിശദീകരിക്കുന്നു.
‘ഇനിയും നിങ്ങള്‍ക്കിത് അവസാനിപ്പിക്കാനായില്ലേ? ഞാന്‍ തെറ്റുകാരിയാണെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. എനിക്ക് നിങ്ങളെപ്പോലെ പി.ആര് വര്‍ക്ക് ചെയ്യാനുള്ള പണമില്ല. രാഷ്ട്രീയ സ്വാധീനമൊന്നുമില്ല. ഒരിക്കല്‍ നിങ്ങളുടെ ചെന്നൈയില്‍നിന്നുള്ള പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിലെ പൊലീസ് ഓഫിസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ തിരിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു. പീഡനത്തിന് ഇരയായതിനു പിന്നാലെയാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഞാന്‍ നിങ്ങളുടെ ഭാര്യയല്ല എന്നല്ലേ നിങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്തുചെയ്താലും അത് പീഡനമാണ്. പണംകൊടുത്തുള്ള കരള്‍ മാറ്റിവെക്കല്‍ നിയമത്തിനെതിരാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് അറിയില്ല. ഇപ്പോഴാണ് പ്രതികരിക്കുന്നത്. ആളുകള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. അതെനിക്ക് കുറ്റകൃത്യമായിട്ടാണ് തോന്നിയത്. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ കമന്റില്‍ എന്നെ തിരുത്തുക.
എന്റെ ഈ പോസ്റ്റ് ഒരു കുറ്റകൃത്യമായി തോന്നുന്നുവെങ്കില്‍ ഞാന്‍ ജയിലില്‍ പോകാനും തയാറാണ്. ശരിക്കും ഞാന്‍ ഭയന്നുപോയിരുന്നു. ഇപ്പോള്‍ നിയമപരമായി മുന്നോട്ടുനീങ്ങിയാല്‍ ഞാന്‍ ഇതൊക്കെ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന ചോദ്യം ഉയരും. ചെന്നൈയില്‍ വച്ച് പൊലീസ് മൊഴിയെടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അവര്‍ ചോദിച്ചില്ല. എഴുത്തിലുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ ഞാന്‍ ആത്മഹത്യാശ്രമം നടത്തിയതാണെങ്കില്‍ തന്നെ അതിന് തെളിവുകളില്ല. എന്നെ ആരും ചെന്നൈയില്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. എനിക്ക് മാനസിക സ്ഥിരതയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ ഈ എഴുത്ത് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ?’ എന്ന ഒരു ചോദ്യത്തോടെയാണ് എലിസബത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബാലയുമായി ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതെന്ന് എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. തനിക്കൊപ്പമുണ്ടായിരുന്നപ്പോഴും ബാല മറ്റ് പെൺകുട്ടികൾക്ക് മെസേജുകളും വോയിസ് ക്ലിപ്പുകളും അയച്ചിരുന്നു. അതിനുള്ള തെളിവുകള്‍ ഇപ്പോഴും കയ്യിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് അറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹം ചെയ്തു. ജാതകപ്രശ്നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും അയാൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങൾ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടർന്നാൽ അയാൾക്കെതിരെ ഞാനും കേസ് കൊടുക്കും എന്നായിരുന്നു എലിസബത്ത് നേരത്തെ പറഞ്ഞത്.