തൃണമൂൽ കോൺഗ്രസ് ദേശീയ നേതാക്കളായ മഹുവാ മൊയ്ത്രയും, ഡെറിക് ഒബ്രിയാനും പി വി അൻവറിനൊപ്പം പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ടിഎംസിയുടെ യുഡിഎഫ് പ്രവേശനം ചർച്ചയായി നിൽക്കുന്ന ഘട്ടത്തിലാണ് നേതാക്കളുടെ പാണക്കാട് സന്ദർശനം.
പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്ററായ ശേഷമുള്ള ആദ്യ പ്രതിനിധി സമ്മേളനം നാളെ മഞ്ചേരിയിൽ ചേരും. നേതൃ യോഗത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി ജില്ലയിലെത്തിയ ദേശീയ നേതാക്കൾ ആദ്യം പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച്ച അരമണിക്കൂറോളം നീണ്ടുനിന്നു. തൃണമൂൽ കോൺഗ്രസ് ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും ടിഎംസിയുടെ മുന്നണി പ്രവേശം യുഡിഎഫ് തീരുമാനിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
27ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ തൃണമൂൽ കോൺഗ്രസിന്റെ മുന്നണി പ്രവേശനം ചർച്ചയാകും എന്നാണ് സൂചന. ഇതിനിടയിലാണ് നേതാക്കളുടെ പാണക്കാട് സന്ദർശനം. പ്രതിനിധി സമ്മേളനത്തോടെ കേരളത്തിൽ സംഘടനാ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം.