അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ. പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. സി.വർഗീസിന്റെ മരുമകൻ സജിത്ത് കടലാടി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയെന്ന ജിയോളജിസ്റ്റിന്റെ റിപ്പോർട്ട് മനോരമ ന്യൂസിന് ലഭിച്ചു.
ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിൽ കുളം, റോഡ് നിർമ്മാണത്തിന്റെ മറവിൽ അനധികൃത ഖനനം നടത്തുന്നുവെന്ന് ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയിലാണ് സി വി വർഗീസിനും മകൻ അമൽ വർഗീസിനും മരുമകൻ സജിത്ത് കടലാടിക്കും എതിരായ അന്വേഷണം. നൂറുകണക്കിന് ലോഡ് പാറ ദിവസവും പൊട്ടിച്ച് കടത്തിയെന്നും ഇതിന് ഉദ്യോഗസ്ഥർ പണം വാങ്ങി കൂട്ടുനിൽക്കുന്നുവെന്നും പരാതിയിലുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ ആണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് എതിരായ പരാതി ജില്ലാ കലക്ടർക്ക് ലഭിച്ചത്.
ജീവന് ഭീഷണിയുണ്ടെന്നും പേര് വെളിപ്പെടുത്തരുതെന്നും പരാതിയിലുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സിവി വർഗീസിന്റെ മരുമകൻ റോഡ് നിർമ്മാണത്തിന്റെ മറവിൽ അനധികൃത ഖനനം നടത്തിയെന്ന് ജിയോളജിസ്റ്റ് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. സർക്കാർ പുറമ്പോക്കിലെ 2108 സ്ക്വയർ മീറ്റർ പാറ പൊട്ടിച്ചു കടത്തി. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസർ തയ്യാറാക്കിയ മഹസറിലെ അളവുകളിൽ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സിപിഎം ഏരിയാ സമ്മേളനങ്ങളിൽ സിവി വർഗീസിനെതിരെ ക്വാറി മാഫിയ ബന്ധം ഉന്നയിച്ച് വിമർശനവും ഉയർന്നിരുന്നു. ജില്ലയിലെ അനധികൃത ഖനനം പരിശോധിക്കാൻ സബ് കലക്ടർമാരെ ചുമതലപ്പെടുത്തി.