കൊച്ചിയില്‍ പൂട്ടിക്കിടക്കുന്ന വീടിന് അരലക്ഷത്തിലധികം രൂപയുടെ വാട്ടര്‍ ബില്‍. രണ്ടര പതിറ്റാണ്ട് രാജ്യത്തെ സേവിച്ച വ്യോമസേന ഉദ്യോഗസ്ഥന്റെ വിധവയ്ക്കാണ് ഭാരിച്ച ബില്‍ നല്കി ജല അതോറിറ്റിയുടെ ഷോക് ട്രീന്റ്മെന്റ്. വീല്‍ ചെയറില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഈ 82കാരി എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്.
കോന്തുരുത്തിയിലെ രാജാ നിവാസ് എന്ന വീട്ടില്‍ 82കാരിയായ ഒാമന രാജന് ഒറ്റയ്ക്കാണ് കഴിയുന്നത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ട്. ഭര്‍ത്താവ് രാജന് 2013ല്‍ മരിച്ചു. വീടിന്റെ മുകള്‍ നില നേരത്തെ വാടകയ്ക്ക് നല്‍കിയിരുന്നു. ആറുമാസം മുന്‍പ് വാടകക്കാര്‍ വീടൊഴിഞ്ഞതോടെ മുകളിലത്തെ നില അടച്ചിട്ടിരിക്കുകയാണ്. മുകളിലത്തെ നിലയില്‍ എടുത്ത വാട്ടര്‍ കണക്ഷന് ബില്ലിലാണ് വന്‍ തുക വന്നിട്ടുള്ളത്. 2024 ഒക്ടോബര്‍ 30ന് ലഭിച്ച 275 രൂപയുടെ ബില്‍ അടച്ചു. ബില്‍ ഒരിക്കലും 300 രൂപയില്‍ കൂടിയിട്ടില്ല. പക്ഷെ, 2024 ഡിസംബറില്‍ നല്‍കിയത് 58,986 രൂപയുടെ ബില്‍. ബില്ലില്‍ പറയുന്ന പ്രകാരം 3,29,000 ലീറ്റര്‍ വെള്ളം ഉപയോഗിച്ചതായാണ് കണക്കാക്കിയിട്ടുള്ളത്. മീറ്ററില്‍ ഒക്ടോബറിലെ അതേ റീഡിങ് തന്നെയാണ് ഡിസംബറിലും രേഖപ്പെടുത്തിയിട്ടുള്ളത്.
പള്ളിമുക്ക് വാട്ടര്‍ വര്‍ക്ക് സബ്ഡിവിഷനു കീഴിലാണ് ഒാമനയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം. മീറ്റര്‍ മാറ്റിവയ്ക്കണമെന്നാണ് വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. വലിയ തുക ബില്‍ അടയ്ക്കുന്നതിലെ ബുദ്ധിമുട്ടിനൊപ്പം പ്രായം തളര്‍ത്തിയ തന്നോട് വാട്ടര്‍ അതോറിറ്റി കാണിക്കുന്ന പ്രതികാരമനോഭവവും ഒാമനയെ വേദനിപ്പിക്കുന്നു.