തൃശൂർ താമരവെള്ളച്ചാലിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ ആദിവാസിയെ കാട്ടാന കുത്തിക്കൊന്നു. രണ്ടു പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 

താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ താമസക്കാരനായ അറുപതുകാരൻ പ്രഭാകരനാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രഭാകരനും മകനും മരുമകനും കൂടി ഇന്ന് വെളുപ്പിനാണ് ഉൾക്കാട്ടിൽ പോയത്. അലക്കു സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന ചീനിക്കായ പെറുക്കാൻ പോയതായിരുന്നു. വർഷങ്ങളായി കാട്ടിൽ പോകുന്ന ആദിവാസികളാണ് താമരവെള്ളച്ചാൽ കോളനിക്കാർ. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ആശ്രയം. കാട്ടിനകത്ത് ആനയുടെ തൊട്ടുമുമ്പിൽ അകപ്പെടുകയായിരുന്നു. 

ഒട്ടേറെ കാട്ടാനകൾ താമരവെള്ളച്ചാൽ കാട്ടിലുണ്ട്. ആദിവാസി ഊരുകളിൽ താമസിക്കുന്നവർ ഭീതിയിലാണ് . ഇവർക്ക് വീടുകളിൽ കഴിയാൻ ആശങ്കയുണ്ട്. 

ENGLISH SUMMARY:

Wild elephant kills 60-year-old man in Thrissur