കൊച്ചിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ കണ്ടെത്താനായ ആശ്വാസത്തിലാണ് നാട്. നഗരത്തെ അക്ഷരാര്‍ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കൊടുവിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരിക്കായി പൊലീസ് നഗരത്തിന്‍റെ മുക്കുംമൂലയും അരിച്ചുപെറുക്കി. മകളെ കാണാതായ വിഷമത്തില്‍ നിറകണ്ണുകളോടെ പൊലീസ് ജീപ്പില്‍ അമ്മയും തിരച്ചിലിന്‍റെ ഭാഗമായി. ALSO READ; 'സൈക്കിള്‍ ചവിട്ടിവരുന്ന കുട്ടിയെ കണ്ടു; പിടിച്ചുനിര്‍ത്തിയപ്പോള്‍ കരയാന്‍ തുടങ്ങി'
എളമക്കര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകീട്ട് ആറരയോടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കളും അധ്യാപകരും എത്തിയത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടില്‍ ആദ്യം അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് വല്ലാർപാടത്തു നിന്നാണ് കുട്ടിയ കണ്ടെത്തിയത്. അമ്മയുടെ ഫോണുമായി കുട്ടി സ്കൂളിൽ എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചോദിക്കുകയും ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തിലാണ് കുട്ടി മാറി നിന്നതെന്ന് പൊലീസ് അറിയിച്ചു.
ടെര്‍മിനല്‍ ഡ്രൈവറായ ജോര്‍ജ് ജോയി എന്ന യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ ഏറ്റവും പെട്ടെന്ന് സുരക്ഷിതയായി തിരികെ കൊണ്ടുവരാന്‍ സഹായിച്ചത്. അമ്മ ഫോണ്‍ വിളിച്ചപ്പോള്‍ ഒരു പെണ്‍കുട്ടിയെ കാണാതായിട്ടുണ്ട് എന്ന വാര്‍ത്ത വരുന്നുണ്ടെന്ന് ജോര്‍ജിനോട് പറഞ്ഞിരുന്നു. ഈ വിവരമാണ് നിര്‍ണായകമായത്. വല്ലാര്‍പാടത്തെ പാലത്തിലൂടെ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകവേയാണ് കുട്ടിയെ കണ്ടതെന്നും സംശയം തോന്നിയതോടെ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്നും ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.
'സുഹൃത്തിനൊപ്പം പാലത്തില്‍ കൂടി വരുമ്പോള്‍ ഒരു കുട്ടി പാലത്തില്‍ കൂടി സൈക്കിള്‍ ചവിട്ടി വരുന്നു. യൂണിഫോമും ഇട്ടിട്ടുണ്ട്. സമയം നോക്കിയപ്പോള്‍ ഏകദേശം പത്ത് മണി ആയിട്ടുണ്ടായിരുന്നു. ഒരു കുട്ടി മിസിങ്ങാണെന്നത് അപ്പോഴും ചിന്തയിലുണ്ടായിരുന്നു. അതുകൊണ്ട് വണ്ടി തിരിച്ച് കുട്ടിയുടെ അടുത്തേക്ക് വന്നു. എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എളമക്കരയിലാണെന്ന് പറഞ്ഞു. എളമക്കരയിലെ കുട്ടിയാണെന്ന് വാര്‍ത്തയില്‍ കണ്ടിരുന്നു. അപ്പോള്‍ തന്നെ കുട്ടിയെ അവിടെ പിടിച്ചുനിര്‍ത്തി. അപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങി. പേടിക്കണ്ടെന്ന് പറഞ്ഞു. തമാശയൊക്കെ പറഞ്ഞ് അവിടെ പിടിച്ചുനിര്‍ത്തി. അതിനുശേഷം പൊലീസിനെ വിളിച്ചു. അവര്‍ വന്നു,' ജോര്‍ജ് പറഞ്ഞു.