പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെ കഴിഞ്ഞമാസം ഇരുപത്തി ഏഴിന് ചെന്താമര കൊലപ്പെടുത്തിയത്. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് പാലക്കാട് സെഷൻസ് കോടതിയുടെ നടപടി.
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. നേരത്തെ ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര നാട്ടില്‍ തുടരുന്നത് ഭീഷണിയെന്ന് കാട്ടി സുധാകരന്റെ കുടുംബം നെന്മാറ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവഗണിച്ചെന്നായിരുന്നു ആക്ഷേപം. ഇതിന് പിന്നാലെയാണ് ഇയാള്‍ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.