മൂന്നാറിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന പടയപ്പ. മാട്ടുപ്പെട്ടി ഗ്രഹാംസ് ലാൻഡിലെത്തിയ ആന വഴിയോരക്കട അടിച്ചു തകർത്തു. ആന മദപ്പാടിലാണെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ്
മദപ്പാടിലുള്ള പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ നിരന്തരം ഭീതി വിതയ്ക്കുകയാണ്. രാവിലെ ഗ്രഹാംസ് ലാൻഡിലെത്തിയ പടയപ്പ ഒരു മണിക്കൂറോളം മേഖലയിൽ ഭീതി വിതച്ചു. പിന്നീട് ആർ ആർ ടി യെത്തി ആനയെ ജനവാസ മേഖലയിൽ നിന്നും തുരത്തി. ഇന്നലെ രാത്രി മൂന്നാർ ഉദുമുൽപേട്ട് പാതയിലിറങ്ങിയ പടയപ്പയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്കേറ്റു.
പരുക്കേറ്റ കന്നിമല സ്വദേശികളായ ബാലദണ്ടൻ, വിഘ്നേഷ് എന്നിവർ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പടയപ്പയെ നിരീക്ഷിക്കാൻ വനംവകുപ്പ് പ്രത്യേക ആർ ആർ ടി യെ നിയോഗിച്ചു. രാത്രിയിൽ മൂന്നാറിലൂടെ കടന്നുപോകുന്ന വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. പടയപ്പയുമായി കൊമ്പു കോർക്കുന്നതിനിടെ കാലിന് പരുക്കേറ്റ ഒറ്റക്കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. നിലവിൽ മയക്കുവെടി വെച്ച് ചികിത്സ നൽകേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ