സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ഫ്ളെക്സ് വെച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ഇടതുസംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നു കാട്ടി ഫയല്‍ തദ്ദേശഭരണ സെക്രട്ടറി പൊതുഭരണവകുപ്പിനു കൈമാറിയിരുന്നു. ഹൈക്കോടതി കലിച്ചതോടെ സെക്രട്ടറിയേറ്റിനു നാലുവശത്തു നിന്നുള്ള ഫ്ലെക്സ് നീക്കം ചെയ്തെന്നു മാത്രമല്ല നഗരത്തിലും ഫ്ളെക്സ് കുറഞ്ഞു.
സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്ലെക്സില്‍ എന്തുകൊണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നു കോടതി കഴിഞ്ഞ ദിവസവും ചോദിച്ചിരുന്നു. അസോസിയേഷന്‍ പ്രസിഡന്‍റും പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായി പി.ഹണി, അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കാട്ടി ഫയല്‍ തദ്ദേശ വകുപ്പ് സെക്രട്ടറി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഫയല്‍ കിട്ടിയിട്ടും കണ്ടഭാവം നടിക്കാതെ നടക്കുകയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരായ ഉദ്യോഗസ്ഥരാണ് പി.ഹണിയും,അജിത് കുമാറും. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ സമ്മതം വേണം. ഇതുവരെയും ഇതിനുള്ള അനുവാദം കിട്ടാത്തതാണ് നടപടി വൈകാന്‍ കാരണം. എംപ്ലോയിസ് അസോസിയേഷന്‍ മന്ദിരോദ്ഘാടനത്തോനുബന്ധിച്ചാണ് ഫ്ലെക്സ് വെച്ചത്. കോടതി ഉത്തരവിനു വിരുദ്ധമായായിരുന്നു ഫ്ലെക്സ് സ്ഥാപിച്ചത്. അതേസമയം ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ സെക്രട്ടറിയേറ്റിലെ നാലു ഗേറ്റുകളുടെ മുന്‍വശവും ക്ലീനായി. കന്‍റോണ്‍മെന്‍റ് ഗേറ്റിലാണ് ഏറ്റവും കൂടുതല്‍ ഫ്ലെക്സുകള്‍ കാണുന്നത്.