മദ്യനിർമാണശാല അനുമതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി പാലക്കാട് എലപ്പുള്ളി പഞ്ചായത്തിനെതിരെ സി.പി.എം നല്‍കി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും കോൺഗ്രസും ബി.ജെ.പിയും വിട്ടുനിൽക്കും. എട്ട് അംഗങ്ങളുടെ മാത്രം പിന്തുണയുള്ള സി.പി.എമ്മിന് നാളെ അവിശ്വാസ പ്രമേയ അനുമതിക്ക് പന്ത്രണ്ടു പേരുടെ പിന്തുണ വേണം. അവസാന മണിക്കൂറിലും എതിര്‍ചേരിയിലുള്ളവരെ കൂടെക്കൂട്ടാന്‍ ശ്രമിക്കുമെന്നാണ് സിപിഎമ്മിന്‍റെ നിലപാട്.

അംഗബലത്തിൽ മുന്നിലല്ലെങ്കിലും കോൺഗ്രസിലെയോ, ബി.ജെ.പിയിലെയോ ആരെയെങ്കിലും അടർത്തിയെടുത്ത് എലപ്പുള്ളിയിലെ ഭരണം പിടിക്കാനാവുമോ എന്നതായിരുന്നു സി.പി.എമ്മിന്റെ നീക്കം. അങ്ങനെയെങ്കിൽ എലപ്പുള്ളി മദ്യനിർമാണ ശാലയ്ക്കുള്ള പ്രാദേശിക തടസം വേഗത്തിൽ മറി കടക്കാനാവും. നിലവിലെ സാഹചര്യത്തിൽ ഈ നീക്കം ഫലപ്രാപ്തിയിൽ എത്താനിടയില്ലെന്നാണ് വിലയിരുത്തൽ. 9  കോൺഗ്രസ് അംഗങ്ങളും അവിശ്വാസ ചർച്ചയിൽ നിന്നും വിട്ടുനിൽക്കും. 

ഞങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ യാതൊരു ഭിന്നതയുമില്ല. സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കാന്‍ പോകുന്നില്ല. പതിനാലിന് നമുക്ക് കാത്തിരുന്ന് കാണാമെന്നും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേവതി ബാബു പറഞ്ഞു.

അവിശ്വാസ ചർച്ചയിൽ ബി.ജെ.പിയുടെ പൊതു സമീപനം എലപ്പുള്ളിയിലും നടപ്പാക്കുമെന്ന് സംസ്ഥാന നേതൃത്വം.  സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ട്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാണ് തങ്ങളുടെ തീരുമാനമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

22 അംഗ ഭരണസമിതിയിൽ 9 കോൺഗ്രസ് 8 സിപിഎം 5 ബി ജെ പി എന്നിങ്ങനെയാണ് എലപ്പുള്ളിയിലെ കക്ഷി നില. അവിശ്വാസ പ്രമേയം പാസാവാൻ പന്ത്രണ്ടിലേറെ അംഗങ്ങളുടെ പിന്തുണ വേണം. അവസാനവട്ട ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്.