മലപ്പുറം പൂക്കോട്ടുംപാടം തേള്‍പ്പാറയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കരടി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. കൊമ്പന്‍കല്ല് ചിറമ്മല്‍ കുറുംബ ഭഗവതി ക്ഷേത്രത്തിന്‍റെ മുറ്റത്ത് സ്ഥാപിച്ച കെണിയിലാണ് കരടി കുടുങ്ങിയത്.
റബര്‍ തോട്ടങ്ങളിലെ തേന്‍ കൃഷിക്കു വേണ്ടി സ്ഥാപിച്ച പെട്ടികളില്‍ നിന്ന് തേന്‍ കുടിക്കാനാണ് കരടി പതിവായെത്തിയിരുന്നത്.കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രദേശത്ത് കരടിയുടെ സാന്നിധ്യമുണ്ട്.ക്ഷേത്രത്തിലെ നെയ്യും എണ്ണയും കഴിക്കുക കൂടി കരടി ശീലമാക്കിയതോടെയാണ് ക്ഷേത്ര മുറ്റത്ത് മൂന്നു കൂടുകള്‍ സ്ഥാപിച്ചത്.
പ്രദേശത്തു കൂടി യാത്ര ചെയ്യുന്ന പലരും രാത്രി കരടിയെ കണ്ട് ഭയപ്പെടാറുണ്ട്.പ്രദേശത്ത് ഇനിയും കരടിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പിടികൂടിയ കരടിയ നെടുങ്കയത്തേക്ക് മാറ്റി.ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉള്‍വനത്തില്‍ തുറന്നുവിടും.