ഭാസ്ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ തടവുകാലം പൂര്‍ത്തിയാകും മുന്‍പ് പുറത്തിറങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അട്ടക്കുളങ്ങരയിലെ സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. ഉന്നത ഉദ്യോഗസ്ഥരുടേയും ജയില്‍ ജീവനക്കാരുടേയും ഒത്താശയോടെ വിഐപി പരിഗണനയില്‍ ജയിലില്‍ ജീവിച്ച ഷെറിനെക്കുറിച്ചാണ് സുനിതയുടെ വെളിപ്പെടുത്തലുകള്‍ വന്നത്.
ഡിഐജി പ്രദീപുമായി ബന്ധമുണ്ടായിരുന്നെന്നും ആ ബന്ധം ഷെറിന്‍ തന്നോട് തുറന്നു പറഞ്ഞെന്നുമാണ് സുനിതയുടെ വെളിപ്പെടുത്തല്‍. പ്രദീപ് സറുമായി മൊബൈല്‍ഫോണില്‍ നിരന്തരം സംസാരമുണ്ടായിരുന്നു, സര്‍ എല്ലാ ആഴ്ചയും വരും. വൈകിട്ട് ആറുമണിയോടെ ജയിലിലെത്തും, മറ്റു വനിതാ ജീവനക്കാരുമായി സംസാരിച്ചിരിക്കും, പിന്നാലെ ഏഴുമണിയോടടുത്ത് ഷെറിനെ സെല്ലില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകും. മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചെത്തിക്കുന്നതെന്നും സുനിത വെളിപ്പെടുത്തുന്നു.
ഭര്‍ത്താവിനും ഭാസ്ക്കര കാരണവര്‍ക്കുമൊപ്പം ഷെറിന്‍
മറ്റു തടവുകാര്‍ക്കൊന്നും ലഭിക്കാത്ത സൗകര്യങ്ങളായിരുന്നു ഷെറിനു ലഭിച്ചിരുന്നത്. മൂന്നുനേരം പുറത്തുനിന്നുള്ള ഭക്ഷണം, സ്വന്തമായി മൊബൈല്‍ഫോണ്‍,പത്തുപതിനായിരം രൂപയുടെ മേക്കപ് സാധനങ്ങള്‍, വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍, ബെഡ്, ബെഡ്ഷീറ്റുകള്‍, ഓഫീസില്‍ നിന്നും സെല്ലിലേക്ക് നടക്കാന്‍ കുട അങ്ങനെ പുറത്തെങ്ങനെയാണോ ജീവിക്കുന്നത് സമാനമായ രീതിയിലാണ് ജയിലിനകത്തും ഷെറിന്‍ കഴിഞ്ഞതെന്നും സുനിത പറയുന്നു. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്നും ജയിലില്‍ നിന്നിറങ്ങാന്‍ സഹായിക്കാമെന്നും ഷെറിന്‍ വാഗ്ദാനം ചെയ്തതായി സുനിത പറയുന്നു.
പ്രദീപ് സര്‍ ഒരു പ്രശ്നവുമുണ്ടാക്കില്ലെ. പതിവായി ഫോണില്‍ സംസാരിക്കാറുണ്ട് . നല്ലബന്ധത്തിലാണെന്നും ഷെറിന്‍ പറഞ്ഞിട്ടുണ്ടെന്ന് സുനിത വെളിപ്പെടുത്തുന്നു. പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാന്‍ ഷെറിന്‍ ക്ഷണിച്ചിരുന്നു. പക്ഷേ താന്‍ പോയിട്ടില്ലെന്നും സുനിത പറഞ്ഞു. ഷെറിന്‍റെ സഹതടവുകാരി രമ്യയെക്കൊണ്ടാണ് ഡ്രസ് നിര്‍ബന്ധിച്ചു കഴുകിക്കാറുള്ളതെന്നും സുനിത മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഭീഷണിപ്പെടുത്താതെ തന്നെ ഷെറിന്‍റെ കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കാന്‍ ജയിലില്‍ ആളുകളുണ്ട്, ഷെറിന്‍ ആരോടും വഴക്കിടുന്ന സ്വഭാവക്കാരിയല്ല, അതിന്‍റെ ആവശ്യമുണ്ടാവാറില്ല, എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. ഷെറിനെ ലോക്കപ് ചെയ്യാറില്ല, ഉദ്യോഗസ്ഥരോടൊപ്പവും തയ്യല്‍ ക്ലാസിലുമൊക്കെയായി ഓടി നടക്കും.
പുറത്തു നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിനെിരെ താന്‍ പരാതി കൊടുത്ത ദിവസങ്ങളില്‍ മാത്രമാണ് ഷെറിന്‍ ജയില്‍ഭക്ഷണം കഴിച്ചിട്ടുള്ളത്. ജഡ്ജി സുനില്‍ തോമസ് സര്‍ വന്ന ദിവസവും ജയില്‍ ഭക്ഷണം കഴിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെകുറിച്ച് ഷെറിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും സുനിതപറഞ്ഞു. സുനിത വിയ്യൂര്‍ ജയിലില്‍ നിന്നും നിരാഹാരം കിടന്നുവന്ന വ്യക്തിയാണെന്നും വലിയ സൗഹൃദത്തിനൊന്നും പോകേണ്ടന്നുമായിരുന്നു ഷെറിന് ലഭിച്ച ഉപദേശം . എത്രയോ തടവുകാര്‍ മാനസാന്തരം വന്ന് ജയിലിനകത്തുണ്ട്. അവര്‍ക്കൊന്നും പരോളില്ല. ഷെറിന് ഇഷ്ടം പോലെ പരോളാണ്, എമര്‍ജന്‍സി പരോളും ഓര്‍ഡിനറി പരോളുമുള്‍പ്പെടെ പലവട്ടം അവര്‍ ജയിലിന് പുറത്തുപോയി . എല്ലാം അര്‍മാദിച്ച് ജീവിക്കാനാണ്. ജയില്‍വാസമനുഭവിക്കുന്ന മറ്റ് പലരും അവരുടെ മക്കള്‍ക്കൊപ്പമോ ഭര്‍ത്താവിനൊപ്പമോ ഒരു നേരത്തെ ഭക്ഷണം കഴിക്കാനാണ് പരോള്‍ ആഗ്രഹിക്കുന്നതെന്നും സുനിത പറഞ്ഞു.
സുനിത
ഷെറിന്‍ ജയില്‍മോചിതയാകാനാഗ്രഹിക്കുന്നത് പാറിപ്പറന്നു നടക്കാനാണ് . ചെയ്ത തെറ്റിനു ജയിലിലടയ്ക്കുന്നത് പരിവര്‍ത്തനം ഉണ്ടാവാനാണ്, തടവുകാരെ ചൂഷണം ചെയ്യുകയാണ് ജയില്‍ ഉദ്യോഗസ്ഥര്‍. അട്ടക്കുളങ്ങരയിലെ വനിതാ ജീവനക്കാരില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് അവരില്‍ നിന്നും പണം വാങ്ങാതെയും സഹായം ചെയ്തുകൊടുക്കാതെയുമുള്ളത്. ബാക്കി എല്ലാവരും ഷെറിനെ പിന്തുണയ്ക്കുന്നവരാണ്. ജയില്‍ സൂപ്രണ്ട് ഒക്കെ ഒരു ചെറിയ കുട്ടിയെ കൊഞ്ചിക്കുന്ന പോലെയാണ് ഷെറിനോട് സംസാരിക്കുന്നത്. ഷെറിന്‍–പ്രദീപ് സര്‍ ബന്ധത്തെക്കുറിച്ചുള്ള പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും സുനിത വ്യക്തമാക്കുന്നു. 2015ലാണ് നാലുമാസക്കാലം സുനിത അട്ടക്കുളങ്ങരയില്‍ ഉണ്ടായിരുന്നത്. തൊട്ടടുത്ത സെല്ലില്‍ കണ്ട കാഴ്ചകളാണ് സുനിത വെളിപ്പെടുത്തുന്നത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു സുനിതയുണ്ടായിരുന്നത്. ജയില്‍ ഉദ്യോഗസ്ഥരുമായും പുറത്തുള്ളവരുമായും സ്വാധീനമുള്ളതുകൊണ്ടാണ് ഷെറിന് സെല്ലില്‍ വിഐപി പരിഗണന ലഭിച്ചതെന്നും സുനിത പറയുന്നു.
സെല്ലില്‍ കാല്‍മുട്ടിനേക്കാള്‍ ഉയരമുള്ള വലിയൊരു ബക്കറ്റ് നിറയെ ഷെറിന്‍റെ സാധനങ്ങളാണ്. ചിക്കന്‍ ബിരിയാണിയും മസാല ദോശയും ഉള്‍പ്പെടെയാണ് പുറത്തുനിന്നും കൊണ്ടുവരുന്നത്. മാഡം എനിക്ക് മസാലദോശ കഴിക്കാന്‍ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓര്‍ഡര്‍ ചെയ്തു കൊണ്ടുവരും. പ്രദീപ്സറിനെതിരായ പരാതി പുറത്തേക്ക് പോയപ്പോള്‍ അദ്ദേഹം വന്നു തന്നെ ചോദ്യം ചെയ്തിരുന്നു, പരാതി അയച്ചതിന്‍റെ പിറ്റേദിവസം 11.30യ്ക്ക് സൂപ്രണ്ട് മുറിയിലേക്ക് വിളിപ്പിച്ചു. പരാതിക്കത്ത് പുറത്തേക്ക് അയക്കാന്‍ സുനിതയെ സഹായിച്ച ജയില്‍ സ്റ്റാഫ് ആരാണെന്നായിരുന്നു പ്രദീപ്സറിനു അറിയേണ്ടിയിരുന്നത്. പേര് പറഞ്ഞില്ലെങ്കില്‍ സുനിത ഇവിടെത്തന്നെ കിടക്കേണ്ടിവരുമെന്നും പ്രദീപ് സര്‍ പറഞ്ഞു. ആ പരാതി കൊടുക്കുന്ന സമയം ഷെറിന്‍ പരോളില്‍ പോയിരുന്നു. തിരിച്ചുവന്നത് 2500രൂപ വിലമതിക്കുന്ന പേനയുമായാണ്. പേന തനിക്ക് തന്നു. തനിക്കെതിരെ പരാതിയെഴുതാന്‍ ഉപയോഗിച്ചോളൂ എന്നു പറഞ്ഞാണ് പേന കൈമാറിയത്.
കേസിലെ മറ്റു പ്രതികള്‍
പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിലിൽനിന്നു വിട്ടയയ്ക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് അടുത്തിടെ വിവാദമായിരുന്നു. കണ്ണൂർ ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്‍റെ അഭിപ്രായവും പരിഗണിച്ചായിരുന്നു തീരുമാനം. മൂന്നു ജീവപര്യന്തം തടവാണ് 2010 ജൂണിൽ മാവേലിക്കര അഡീഷനൽ സെഷൻസ് അതിവേഗ കോടതി വിധിച്ചത്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതാവസാനം വരെയുള്ള തടവാണെങ്കിലും 14 വർഷം ജയിലിൽ കഴിഞ്ഞാൽ ഇളവു നൽകുന്ന കാര്യം സർക്കാരിനു പരിഗണിക്കാം. ഷെറിൻ 14 വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 8ന് ചേർന്ന ജയിൽ ഉപദേശക സമിതി, വിട്ടയയ്ക്കാൻ ശുപാർശ ചെയ്തിരുന്നു. സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളിൽ ഏറ്റവും കൂടുതൽ പരോൾ ലഭിച്ചവരിൽ ഒരാൾ ഷെറിനാണ്. പലപ്പോഴായി ഒരു വർഷത്തിലേറെ സമയം ഇവർ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിൻ. പിന്നീട് തൃശൂർ വിയ്യൂർ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കും മാറ്റി. 2 വർഷം മുൻപ് കണ്ണൂർ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.
2009 നവംബർ 8നു രാവിലെയാണ് ഭാസ്‌കര കാരണവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മകൻ ബിനു പീറ്റർ കാരണവർ, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ അന്ന കാരണവർ എന്നിവരുടെ പേരിൽ കാരണവർ ആദ്യം റജിസ്‌റ്റർ ചെയ്ത ആധാരം റദ്ദ് ചെയ്‌തതിലുള്ള വിരോധം മൂലം ഷെറിൻ മറ്റു പ്രതികളായ ബാസിത് അലി, നിധിൻ, ഷാനു റഷീദ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മൂന്നുപേരും ഇപ്പോഴും ജയിലിലാണ്.