പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യപ്ലാന്‍റ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയുമായി റവന്യൂവകുപ്പ്. പ്ലാന്റിനായി കൃഷിഭൂമി തരം മാറ്റാനാവില്ലെന്ന് പാലക്കാട് ആര്‍ഡിഒ ഉത്തരവിട്ടു. ഭൂമിയില്‍ കൃഷിയല്ലാതെ നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒയാസിസിന്‍റെ അപേക്ഷ ആര്‍ഡിഒ തള്ളി ഉത്തരവിറക്കിയത്. അതേസമയം 25 ഏക്കര്‍ ഭൂമി കൈവശമുണ്ടെന്നും പദ്ധതിക്കായി വെറും 15 ഏക്കര്‍ മാത്രമേ ആവശ്യമുള്ളൂവെന്നും ഒയാസിസ് വ്യക്തമാക്കി. റവന്യൂവകുപ്പിന്‍റെ നടപടി മദ്യനിര്‍മാണശാല പദ്ധതിയെ ബാധിക്കില്ലെന്നും പദ്ധതിക്ക് ആവശ്യമായ ഭൂമി നിലവില്‍ തരംമാറ്റേണ്ട കാര്യമില്ലെന്നുമാണ് വിശദീകരണം.
വികസനത്തിന് എതിരല്ലെന്നും കുടിവെള്ളം ഉറപ്പാക്കിയാവണം വികസനമെന്നുമാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിശദീകരിച്ചിരുന്നു. പദ്ധതി കൊണ്ട് ജലദൗര്‍ലഭ്യം ഉണ്ടാകില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വിശദീകരണം. സ്പിരിറ്റ് വ്യാവസായിക ഉല്‍പ്പന്നമാണെന്നും മദ്യത്തിനായി മാത്രം ഉപയോഗിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, മദ്യനിര്‍മാണശാലയ്ക്ക് തിടുക്കപ്പെട്ട് അനുമതി നല്‍കിയതിലും തുടര്‍ നടപടികളിലും വന്‍ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.