ടൂറിസം രംഗത്ത് പുതിയ ട്രെന്‍ഡ് കൊണ്ടുവരുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സംസ്ഥാനത്തെ പ്രമുഖ പട്ടണങ്ങളില്‍ നൈറ്റ്ലൈഫിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. ഒരു കോടി ഇതിനായി ബജറ്റില്‍ വകയിരുത്തി. പ്രധാന സ്ഥലങ്ങളില്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുന്നതിന് 15 കോടി രൂപയും പ്രഖ്യാപിച്ചു.
* ടൂറിസം കേന്ദ്രങ്ങളിലെ ശുചിമുറി സ്ഥാപിക്കാനും നിലവിലുള്ളവയുടെ അറ്റകുറ്റപണിക്കും 2 കോടി രൂപ അനുവദിച്ചു. വിനോദ സഞ്ചാരികളില്‍ വര്‍ധിച്ചു വരുന്ന ട്രെക്കിങ് താല്‍പര്യം പ്രോത്സാഹിപ്പിക്കാകാന്‍ വനയാത്ര പദ്ധതിക്ക് മൂന്ന് കോടി രൂപ അനുവദിച്ചു.
* കേരളത്തിൽ വർധിച്ചുവരുന്ന തെരുവുനായകളുടെ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമപരിപാടികൾ തയാറാക്കും. പോർട്ടബിൾ എബിസി സെന്‍ററുകള്‍ സ്ഥാപിച്ച് തെരുവുനായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കാനുള്ള സാധ്യതകൾ ആരായും. ഇതിനായി 2 കോടി വകയിരുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
* അതിഥി തൊഴിലാളി ഉന്നമനത്തിന് 5.50 കോടി രൂപയാണ് അനുവദിച്ചത്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനം നടപ്പിലാക്കുന്ന അപ്നാ ഘര്‍, ആവാസ്– ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി, ബോധവത്കരണ പദ്ധതികള്‍ എന്നിവയ്ക്കാണ് തുക.
* സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി നടപ്പിലാക്കും. ഇതടക്കം വന്യജീവ ആക്രമണം തടയാന്‍ 25 കോടി വകയിരുത്തി.
* തെക്കന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്രവുമായി ചര്‍ച്ചനടത്തും. സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം നിര്‍വഹിക്കും.
*അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, കൊടുങ്ങല്ലൂര്‍, പൊന്നാനി, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, തലശേരി എന്നി നോണ്‍ മേജര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിന് 65 കോടി രൂപ.