land-tax-kerala

സംസ്ഥാനത്തെ ഭൂനികുതി കുത്തനെ കൂട്ടി രണ്ടാംപിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണബജറ്റ്. എല്ലാ സ്ലാബിലും 50 ശതമാനം വര്‍ധനയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കുറഞ്ഞ സ്ലാബില്‍ ആര്‍ ഒന്നിന് (2.7 സെന്‍റ് ഭൂമി) അഞ്ച് രൂപയില്‍ നിന്ന് ഏഴര രൂപയായി വര്‍ധിച്ചു. ഉയര്‍ന്ന സ്ലാബിലെ 30 രൂപ 45 രൂപയായും മാറും. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തെ തുടര്‍ന്ന് ഭൂമിയുടെ മൂല്യവും അതിന്‍റെ വരുമാന സാധ്യതകളും പതിന്‍മടങ്ങ് വര്‍ധിച്ചുവെന്നും അത് വച്ച് നോക്കുമ്പോള്‍ നിലവില്‍ ഈടാക്കുന്ന ഭൂനികുതി നാമമാത്രമാണെന്നുമാണ് ബജറ്റിലെ വിലയിരുത്തല്‍. ഇതിലൂടെ മാത്രം 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

 

കോടതി ഫീസിലും വന്‍ വര്‍ധനയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിത്. ജാമ്യാപേക്ഷയ്ക്ക് 500 രൂപയാക്കി. കോര്‍ട്ട് ഫീസ് ആക്ട് പ്രകാരമുള്ള 15 ഫീസുകളിലും വര്‍ധനയുണ്ട്. അതേസമയം പൊതുതാല്‍പര്യ ഹര്‍ജികള്‍ക്കും ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ക്കും ഫീസ് ഇല്ല. സഹകരണ ബാങ്ക് ഗഹാന്‍ ഫീസുകളും പരിഷ്കരിച്ചു. വിവിധ സ്ലാബുകളില്‍ 100 രൂപമുതല്‍ 500 രൂപവരെയാണ് വര്‍ധിപ്പിച്ചത്.

സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു.15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇവി കാറുകള്‍ക്ക് 8% നികുതി (നിലവില്‍ 5%)യും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10% നികുതി ( നിലവില്‍ 5%)യുമാകും ഇനി നല്‍കേണ്ടി വരിക. ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനവും നികുതി ഈടാക്കും. 30 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ മാത്രം പ്രതീക്ഷിക്കുന്നത്. 

പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി  സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി കുറച്ചു. ത്രൈമാസ നികുതിയില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിലൂടെ ഒന്‍പത് കോടി രൂപയുടെ കുറവ് സര്‍ക്കാരിന് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ട്രാക്റ്റ് ക്യാരേജുകളിലും അടിമുടി മാറ്റങ്ങള്‍ വരും. ഇതരസംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി നിരക്ക് 2500 രൂപയാക്കി. ബെര്‍ത്തുകള്‍ക്ക് 4000 രൂപയുമാക്കി. സര്‍ക്കാരിന് 15 കോടി രൂപ അധികവരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ENGLISH SUMMARY:

Kerala government has announced a 50% hike in land tax in its final full budget under the second Pinarayi government. The lowest slab rises from ₹5 to ₹7.50, while the highest increases from ₹30 to ₹45. The move is expected to generate an additional ₹100 crore in revenue.