സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്‍റെ നാലാം ബജറ്റ് അവതരിപ്പിക്കും. തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതുള്‍പ്പെടേയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ വരുമാന വര്‍ധനവിനുള്ള നിര്‍ദേശങ്ങളുമുണ്ടാകും. ഇതിനായി ഫീസുകളും പിഴത്തുകകളും വര്‍ധിപ്പിക്കും. നികുതികളുടെ വര്‍ധനവിനും പുതിയ സെസുകള്‍ക്കും സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
വയനാടിന്‍റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് നല്‍കിയേക്കും. ദുരിത ബാധിതര്‍ക്കുള്ള ധനസഹായവും തുടര്‍ന്നേക്കും. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയേക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും.
അതേസമയം ഇവി വാഹങ്ങളുടെ നികുതി ഇളവ് സര്‍ക്കാര്‍ ഒഴിവാക്കിയേക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രീമിയം ചികില്‍സ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കും. പെന്‍ഷന്‍ പ്രായം കൂട്ടുമോ എന്നും കിഫ്ബി ടോള്‍ പ്രഖ്യാപിക്കുമോ എന്നുമാണ് ബജറ്റില്‍ ഉറ്റുനോക്കുന്നത്.