പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്‍ സിഎസ്ആര്‍ ഫണ്ടിനായി സമീപിച്ചത് 200 കമ്പനികളെ. ഫണ്ട് സമാഹരിക്കാന്‍ സായി ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്‍റെ ബന്ധങ്ങളും ഉപയോഗപ്പെടുത്തി. സിഎസ്ആര്‍ തട്ടിപ്പിന് മുന്‍പ് ഉന്നമിട്ടത് എംഎസ്എംഇകള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സഹായമെന്നും അനന്തുകൃഷ്ണന്‍റെ മൊഴി.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്ന പ്രതി തന്‍റെ പൂര്‍വകാലത്തെ കുറിച്ചും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. 2019ല്‍ കൂണ്‍കൃഷിയുമായി ബന്ധപ്പെട്ട ക്ലാസുകളെടുത്തും എന്‍ജിഒയുടെ ഭാഗമായിട്ടായിരുന്നു തുടക്കം. അതില്‍ അഞ്ച് ലക്ഷം വഞ്ചിച്ചുവെന്ന കേസില്‍ മൂന്ന് ദിവസം അനന്തുകൃഷ്ണന്‍ ജയിലില്‍ കിടന്നു.
ഇതിന് ശേഷമായിരുന്നു തട്ടിപ്പിന്‍റെ ഒന്നാംഘട്ടം. തയ്യല്‍ യൂണിറ്റുകള്‍ തുടങ്ങി കേന്ദ്രസര്‍ക്കാരിന്‍റെ സബ്സിഡി പണം തട്ടാനായിരുന്നു പദ്ധതി. ഇതിനായി പകുതിവിലയ്ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കിയതോടെ വെട്ടിലായെന്ന് അനന്തുവിന്‍റെ മൊഴി. ഈ ബാധ്യത മറികടക്കാന്‍ കണ്ടെത്തിയ രണ്ടാംഘട്ട പദ്ധതിയാണ് സിഎസ്ആര്‍ ഫണ്ട്. 200 കമ്പനികളില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് സമാഹരിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു സ്കൂട്ടര്‍, വീട്ടുപകരണ വിതരണ സ്കീം.
ഉന്നത ബന്ദങ്ങളുള്ള സായി ട്രസറ്റ് ചെയര്‍മാന്‍ ആനന്ദകുമാറുമായി കൈകോര്‍ത്തത് വിശ്വാസ്യതയും ഫണ്ട് സമാഹരണത്തിന്‍റെ എളുപ്പത്തിനും വേണ്ടിയെന്നും അനന്തു മൊഴി നല്‍കി. എന്നാല്‍ നാളിതുവരെ ഒരു രൂപ പോലും സിഎസ്ആര്‍ ഫണ്ടായി അനന്തുവിന് ലഭിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കാഞ്ഞ ബുദ്ധിയും നല്ല ഭാഷയും കൈവശമുണ്ടെങ്കിലും തട്ടിപ്പുകളുടെ ബുദ്ധികേന്ദ്രം അനന്തുകൃഷ്ണന്‍ മാത്രമല്ലെന്ന് ഏറെക്കുറെ ഉറപ്പിക്കുന്നു പൊലീസ്. എറണാകുളം റൂറല്‍ പൊലീസ് 800 പേരുടെ പരാതിയില്‍ 15 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.