ശ്രീനാരായണീയ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ പൂണൂല്‍ ധരിക്കേണ്ടതില്ലെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ. എറണാകുളം ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ മേല്‍വസ്ത്ര വിളംബരത്തിനിടെയായിരുന്നു സ്വാമിയുടെ പ്രഖ്യാപനം. ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങൾ ചില സമുദായങ്ങൾ കുത്തകയാക്കിയെന്നും ദലിത്, ഈഴവ വിഭാഗങ്ങള്‍ക്ക് ബോര്‍ഡ് ബാലി കേറാമലയാണെന്നും സ്വാമി വിമര്‍ശിച്ചു.
ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രങ്ങളിലെ മേല്‍വസ്ത്ര നിബന്ധന ഒഴിവാക്കണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടത്. ഒരുമാസത്തിനിപ്പുറം ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ ആ നിര്‍ദേശം അതേപടി നടപ്പാക്കുകയാണ്. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ എറണാകുളം ചെറായി ഗൗരിശ്വര ക്ഷേത്രത്തില്‍ നിന്നാണ് കാലോചിതമാറ്റത്തിന്‍റെ തുടക്കം. ഉത്സവകൊടിയേറ്റദിനമായ ഇന്നലെ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും ,ഭക്തരും ഷർട്ടിട്ട് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ദർശനം നടത്തി. തുടര്‍ന്നായിരുന്നു ശ്രീനാരയണ പരമ്പരയില്‍പ്പെട്ട വൈദികര്‍ പൂണൂല്‍ ധരിക്കേണ്ടതില്ലെന്ന സ്വാമിയുടെ പ്രഖ്യാപനം.
ശ്രീനാരായണ ഗുരുവിന്‍റെ കൃതികള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ചൊല്ലാന്‍പാടില്ലെന്ന സ്ഥിതിയുണ്ട്. കാലഘട്ടത്തിന് അനിവാര്യമായ സാമൂഹിക നീതി ദേവസ്വം ബോര്‍ഡില്‍ ഉറപ്പാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.