കോഴിക്കോട് ചേവരമ്പലത്ത് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. എലത്തൂർ സ്വദേശി എം രഞ്ജിത്താണ് മരിച്ചത്. കുഴിയിലെ അപകടം ചൂണ്ടിക്കാട്ടി പല തവണ പരാതി പറഞ്ഞിട്ടും അധികൃതർ അനങ്ങിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ചേവരമ്പലത്ത് ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കലുങ്കിനായി എടുത്ത കുഴിലാണ് രഞ്ജിത്ത് വീണത്. ഓൺ ലൈൻ ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ രഞ്ജിത്ത് അപകടത്തിൽപെട്ടത് ജോലിയ്ക്കിടെ. ഇന്ന് പുലർച്ചെ ഒന്നര വരെ രഞ്ജിത്ത് കമ്പനിയുടെ ട്രാക്കിങ്ങ് പരിധിയിൽ ഉണ്ടായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ കുഴി കാണാതെ ബൈക്കുമായി വീഴുകയായിരുന്നുവെന്നാണ് നിഗമനം. അപകടം തുടർകഥയാവുന്ന ഇവിടെ അധികൃതർ അപകടം തടയാൻ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ.
മൂന്നു റോഡുകൾ സംഘമിക്കുന്ന ഇവിടെ വേണ്ടത്ര ട്രാഫിക് സിഗ്നലോ , മുന്നറിയിപ്പ് ബോർഡോ ഇല്ലാത്തതിനാൽ വഴി അറിയാത്തവർക്ക് അപകടം ഉറപ്പാണ്. ഇതിനു മുൻപും പലർക്കും പരുക്കേറ്റിട്ടുണ്ട്, ഇപ്പോൾ ഒരു ജീവനും പോയി.