പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നതോടെ ദുരൂഹത നീങ്ങാതെ തിരുവനന്തപുരത്തെ ആറാലുംമൂട് ഗോപന്‍റെ സമാധി വിവാദം. പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്ന് വ്യക്തമായതോടെ ആന്തരിക അവയവ പരിശോധനാഫലം വന്നശേഷം തുടര്‍ നടപടി മതിയെന്ന തീരുമാനത്തിലാണ് പൊലീസ്. അതേ സമയം സംസ്കാര സ്ഥലത്ത്പൂജാരിയായ മകന്‍റെ നേതൃത്വത്തില്‍ നിത്യവും പൂജയും പ്രാര്‍ഥനകളുമുണ്ട്. പൂജാരിയായ മകന്‍ രാജസേനനാണ് നേതൃത്വം നല്കുന്നത്. വൈകിട്ട് ആറുമണിയോടെ തുടങ്ങുന്ന പൂജകള്‍ രാത്രിയിലും തുടരും.
അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതോടെ കേസന്വേഷണം നിലച്ച മട്ടാണ് . പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദ്രോഗിയായിരുന്നുവെന്നും മറ്റ് അസ്വാഭാവികതകളില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ രാസപരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷം മതി തുടര്‍ നടപടികള്‍ എന്നു പൊലീസും തീരുമാനിച്ചു. കേസും കൂട്ടവും ഒതുങ്ങിയതോടെ അച്ഛന്‍റെ സംസ്കാര സ്ഥലം തീര്‍ഥാടന കേന്ദ്രമാക്കാനുളള തയാറെടുപ്പിലാണ് മക്കള്‍.