സോളർ അന്വേഷണ കമ്മിഷനു മുന്നിൽ പരാതിക്കാരി ഹാജരാക്കിയ കത്തിൽ കൃത്രിമം കാട്ടി നാലു പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന കേസിൽ വിചാരണയ്ക്ക് കളമൊരുങ്ങുന്നു. കുറ്റപത്രം തയാറാക്കാനും വിചാരണ ആരംഭിക്കുന്നതിനും മുന്നോടിയായി ഹര്‍ജിക്കാരനായ അഡ്വ. സുധീര്‍ ജേക്കബ് 35 പേരുളള സാക്ഷിപ്പട്ടിക കോടതിയില്‍ ഹാജരാക്കി.
മുൻ മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു, ബെന്നി ബഹനാൻ എംപി, അഡ്വ. ഫെനി ബാലകൃഷ്ണൻ, ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറി, ജയിൽ സൂപ്രണ്ടുമാർ, മൊബൈൽ ഫോൺ കമ്പനികളുടെ നോഡൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവർ സാക്ഷിപ്പട്ടികയിലുണ്ട്.
സോളർ കേസിലെ പരാതിക്കാരിയെ ഒന്നാം പ്രതിയാക്കിയും മന്ത്രി കെ.ബി ഗണേഷ്കുമാറിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. 21 പേജുള്ള കത്താണു പരാതിക്കാരി ജയിലിൽ വച്ച് എഴുതി നൽകിയതെന്നും നാലു പേജ് കൂട്ടിച്ചേർത്ത് സോളർ കമ്മിഷനു മുന്നിൽ ഹാജരാക്കിയെന്നുമാണ് സുധീർ ജേക്കബിന്റെ വാദം.
കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2018 ഓഗസ്റ്റില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. കേസ് അടുത്ത മാസം 14ന് പരിഗണിക്കും.