പാലക്കാട് മദ്യ നിർമാണ ശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് മദ്യനിർമാണ ശാലയെ എതിർക്കാൻ തീരുമാനിച്ചത്. പാർട്ടി നിലപാട് എൽഡിഎഫ് നേതൃത്വത്തെ അറിയിക്കും. പാലക്കാട് എലപുള്ളിയിൽ മദ്യ നിർമാണ ശാലക്ക് അനുമതി നൽകിയതിനെ മന്ത്രിസഭാ യോഗത്തിൽ സിപിഐ പിൻതുണച്ചത് പാർട്ടിയുടെ ഒരു ഘടകത്തിലും ആലോചിക്കാതെയായിരുന്നു. ഇത് വിവാദമാവുകയും പാർട്ടിക്ക് നാണക്കേടാവുകയും ചെയ്തതോടെയാണ് സിപിഐ തിരുത്തുന്നത്.
പാലക്കാട് മദ്യ നിർമാണശാല വേണ്ടെന്ന ജില്ല ഘടകത്തിന്റെ തീരുമാനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിക്കുകയായിരുന്നു. ഭൂഗർഭ ജലത്തെ ചൂഷണം ചെയ്യുന്ന വികസനത്തെ പിൻതുണക്കേണ്ടതില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് നിലപാടെടുത്തു. പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയോടെയാണ് പദ്ധതിയെ മന്ത്രിസഭയിൽ പിൻതുണച്ചതെന്ന് മന്ത്രിമാര്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിശദികരിച്ചു. മദ്യ നിർമാണശാലക്ക് അനുമതി നല്‍കിയ മന്ത്രിസഭായോഗത്തിലെ കാര്യങ്ങളും മന്ത്രിമാര്‍ വിശദീകരിച്ചു.
ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്ന് എക്സൈസ് മന്ത്രി പറഞ്ഞിരുന്നുവെന്നാണ് മന്ത്രിമാരുടെ ന്യായീകരണം. പദ്ധതി വിവാദമായപ്പോൾ ഇക്കാര്യങ്ങൾ എക്സൈസ് മന്ത്രി എം.ബി രാജേഷ് സിപിഐ ആസ്ഥാനത്തെത്തി ബിനോയ് വിശ്വത്തോട് വിശദീകരിച്ചിരുന്നു.