police-medal

TOPICS COVERED

എ.ഡി.ജി.പി: പി.വിജയന്‍ അടക്കം കേരളത്തില്‍ നിന്ന് മൂന്നുപേര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ 10 പേര്‍ക്കും ലഭിച്ചു. സംസ്ഥാനത്തുനിന്ന് ആകെ 23 പേര്‍ക്കാണ് അംഗീകാരം.

സസ്പെന്‍ഷനുശേഷം സുപ്രധാന പദവിയില്‍ തിരിച്ചെത്തിയ എ.ഡി.ജി.പി.: പി.വിജയന് അര്‍ഹതയ്ക്കുള്ള അംഗീകാരത്തിനൊപ്പം മധുര പ്രതികാരം കൂടിയാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസ് പ്രതിയെ പൊലീസ് കൊണ്ടുവരുമ്പോള്‍ യാത്രാവിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് 2023 ല്‍ സസ്പെന്‍ഷനിലായ പി.വിജയന്‍ ആറുമാസത്തോളം പുറത്തിരുന്നെഹ്കിലും സര്‍വീസില്‍ തിരിച്ചെത്തിയപ്പോള്‍ ലഭിച്ചത് ഇന്‍റലിജന്‍സ് മേധാവിയെന്ന സുപ്രധാന പദവി. ഇപ്പോള്‍ വിശിഷ്ട സേവനത്തിനുള്ള മെഡലും. അന്ന് പി.വിജയനെതിരെ റിപ്പോര്‍ട്ട് നല്‍കിയ എം.ആര്‍.അജിത് കുമാര്‍ ഇന്ന് ക്രമസമാധാന ചുമതലയിലില്ല എന്നതും ശ്രദ്ധേയം.   ഫയര്‍ സര്‍വീസില്‍നിന്ന് ജി. മധുസൂദനന്‍ നായരും കെ.രാജേന്ദ്രനും മെഡലിന് അര്‍ഹരായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ കേരള പൊലീസില്‍ നിന്ന് 10 പേര്‍ക്കാണ്. എസ്.പി:. ബി.കൃഷ്ണകുമാര്‍,  ഡിവൈഎസ്പിമാരായ എം.ഗംഗാധരന്‍, ആര്‍.ഷാബു, എം.പി. വിനോദ്, റെജി മാത്യു കുന്നിപ്പറമ്പന്‍, കെ.ജെ.വര്‍ഗീസ്, എസ്.ഐ: എം.എസ്.ഗോപകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എം.ബിന്ദു എന്നിവര്‍ക്കും അസിസ്റ്റന്‍റ് കമന്‍ഡാന്‍റ് ജി.ശ്രീകുമാരന്‍, ആംഡ് പൊലീസ് എസ്.ഐ: സുരേഷ് കുമാര്‍ രാജപ്പന്‍ എന്നിവര്‍ക്കുമാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍. ഫയര്‍ സര്‍വീസില്‍ നിന്നും ജയില്‍ സര്‍വീസില്‍ നിന്നും അഞ്ചുപേര്‍ വീതവും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായി.

ENGLISH SUMMARY:

Three People, Including P. Vijayan, from Kerala Receive President's Distinguished Service Medal. Police Medal for Meritorious Service Awarded to 10 Individuals