periya-verdict
  • ആറുവര്‍ഷത്തിന് ശേഷം വിധി
  • പെരിയയില്‍ വന്‍ പൊലീസ് സന്നാഹം
  • വിധി പറഞ്ഞ് സിബിഐ കോടതി

പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി സിബിഐ കോടതി. സിപിഎം നേതാക്കളായ എ.പീതാംബരനും കെ.മണികണ്ഠനും രാഘവന്‍ വെളുത്തോളിയും കുറ്റക്കാരുടെ പട്ടികയിലുണ്ട്. 10 പേരെ കുറ്റവിമുക്തരാക്കി. കേസിലെ ശിക്ഷ ജനുവരി മൂന്നിന് വിധിക്കും.

 

ആറുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പെരിയ കേസില്‍ വിധി വരുന്നത്.  കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്‍റെ ഒരുക്കങ്ങള്‍ക്കിടെ 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്ല്യോട്ട് ഏച്ചിലടുക്കം റോഡില്‍ ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഒരു സംഘം ആയുധങ്ങളുമായി ചാടിയെത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ കൃപേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള പറമ്പില്‍ കുഴഞ്ഞുവീണ് രക്തംവാര്‍ന്ന് മരിച്ചു. ശരത്​ലാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും ജീവന്‍ വെടിഞ്ഞു. 

പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരന്‍ , സുഹൃത്തും സഹായിയുമായ സി.ജെ സജി എന്നിവരെ അടുത്ത ദിവസം തന്നെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ഇതോടെ പ്രതികളുടെ എണ്ണം കൂടി. സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരടക്കം 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കേസില്‍ പതിനാല് വരെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന പത്ത്  പേരെ സിബിഐയാണ് പ്രതിചേര്‍ത്തത്. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് പീതാംബരന്‍റെ നേതൃത്വത്തില്‍ കൊലപാതകത്തിനായി നിയോഗിച്ചത്. അക്രമി സംഘത്തിന്‍റെ നീക്കങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ ആറാംപ്രതി ശ്രീരാഗിനെ ചുമതലപ്പെടുത്തി. മൂന്നാംപ്രതി സുരേഷ്, നാലാംപ്രതി അനില്‍, ഏഴാംപ്രതി അശ്വിന്‍ എന്നിവര്‍ വാളുകളും, പീതംബരന്‍, സജി ജോര്‍ജ്, ജിജിന്‍, സുബീഷ് എന്നിവര്‍ ഇരുമ്പ് പൈപ്പുകളും പ്രയോഗിച്ചുവെന്നും കണ്ടെത്തി. ഒന്ന് മുതല്‍ 11 വരെയും 15 മുതല്‍ 19 വരെയുമുള്ള പ്രതികള്‍ ഗൂഢാലോചനയില്‍  പങ്കാളികളായെന്നും കണ്ടെത്തിലില്‍ പറയുന്നു. 

അതേസമയം, മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവര്‍ കേസില്‍ അറസ്റ്റിലായ രണ്ടാംപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചതാണ് കുറ്റം. കൊലപാതകത്തിലും ഗൂഡാലോചനയിലും ഇരുവര്‍ക്കും പങ്കില്ല. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടാനും സഹായിച്ചത് ആറംഗ സംഘമാണെന്നും. രക്തക്കറ പുരണ്ട എട്ടംഗ അക്രമിസംഘത്തിന്‍റെ വസ്ത്രങ്ങള്‍ ഇവര്‍ അഗ്നിക്കിരയാക്കിയെന്നും. പ്രതികളെ പാര്‍ട്ടി ഓഫിസില്‍ ഒളിപ്പിക്കുയും ആയുധങ്ങള്‍ പൊട്ടകിണറ്റിലടക്കം ഉപേക്ഷിക്കുകയും ചെയ്തെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

ENGLISH SUMMARY:

The Kochi CBI court found 14 accused, including former Uduma MLA KV Kunhiraman, guilty in the Periya double murder case. Ten people were acquitted.