police-mvd

ഗതാഗത നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടും പിഴ അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ പിഴ കുടിശിക വരുത്തിയിരിക്കുന്ന ആയിരം പേരുടെ വീട്ടിലെത്തി പിഴ അടപ്പിക്കാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും തീരുമാനിച്ചു. വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണാനായി പൊലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്ത പരിശോധനയ്ക്ക് തുടക്കമായി. തുടര്‍നടപടി തീരുമാനിക്കാന്‍ ഇന്ന് വൈകിട്ട് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും.

 

റോഡുകള്‍ കുരുതിക്കളമാകുന്നത് തടയിടാനുള്ള നടപടികള്‍ പതിവ് നിയമലംഘകര്‍ക്ക് എട്ടിന്റെ പണിയാകും. ഗതാഗത നിയമലംഘനത്തിന് പിഴ നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാതെ മുങ്ങി നടക്കുന്നവരെ തേടി പൊലീസും സംഘവും ഇനി വീട്ടില്‍ വന്നേക്കാം. എ.ഐ ക്യാമറ വന്നതോടെ ദിവസവും ആയിരക്കണക്കിന് പേര്‍ക്ക് നിയമലംഘനത്തിന് പിഴ നോട്ടീസ് അയക്കുന്നുണ്ടെങ്കിലും പകുതിപേര് പോലും പിഴ അടക്കുന്നില്ല. അതിനാല്‍ നിയമംലംഘിച്ചാലും പിടിക്കപ്പെടില്ലെന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്നും അതാണ് അമിതവേഗത്തിനും അശ്രദ്ധമായ ഡ്രൈവിങിനുമൊക്കെ കാരണമെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍. അതുകൊണ്ട് പിഴ അടക്കാത്തവരെ പിടിക്കാന്‍ ഒരുമാസം നീളുന്ന പദ്ധതിയാണ് പൊലീസും–എം.വിഡിയും തയാറാക്കിയിരിക്കുന്നത്. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ പിഴ കുടിശികയുള്ള ആയിരം പേരുടെ പട്ടിക തയാറാക്കും. ഇവരെ ഫോണില്‍ വിളിച്ചോ നേരിട്ട് കണ്ടോ പിഴ ഈടാക്കാനുള്ള നടപടിക്കാണ് തീരുമാനം. അതോടൊപ്പം പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തുന്ന റോഡിലെ പരിശോധനക്ക് തുടക്കമായി.

മദ്യപിച്ചും അലക്ഷ്യവുമായുള്ള വാഹനമോടിക്കല്‍, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഇല്ലാത്തത് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് ചൂട് കാപ്പി നല്‍കുന്നതടക്കമുള്ളവയും പരിശോധനയുടെ ഭാഗമായുണ്ടാവും. ഇന്ന് വൈകിട്ട് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ റോഡില്‍ കൂടുതലായി ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളേക്കുറിച്ചും തീരുമാനിക്കും.

ENGLISH SUMMARY:

Beware those who have not paid the fine despite receiving a traffic violation notice