പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലുപേരും പഠിച്ചിരുന്ന കരിമ്പ ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും തുറന്നു. സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ മുറ്റത്ത് സ്മരണാഞ്ജലിയൊരുക്കി. പനയംപാടം ഭാഗത്തെ റോഡിന്റെ മിനുസം ഒഴിവാക്കുന്നതടക്കമുള്ള ജോലികള്‍ തുടങ്ങി.
നാല് നാൾ മുൻപ് വരെ നാൽവർ സംഘം ഓടിയെത്തിയിരുന്ന സ്കൂൾ മുറ്റത്ത് മൂകത മാത്രമായിരുന്നു. അനുമോദനങ്ങൾക്കും കലാപ്രകടനങ്ങൾക്കും വേണ്ടി കുരുന്നുകൾ എത്രയോ വട്ടം ഒത്തു ചേർന്നിരുന്ന ഇടത്ത് നോവിറ്റുന്ന കാഴ്ച മാത്രം. ആയിഷ , റിദാ ഫാത്തിമ, ഇർഫാന ഷെറിൻ, നിദാ ഫാത്തിമ എന്നിവർക്ക് ഓർമപ്പൂക്കൾ സമർപ്പിക്കാൻ സഹപാഠികൾ നിരനിരയായി ഒത്തു ചേർന്നു. മണ്ണിലേക്ക് മറഞ്ഞ കൂട്ടുകാർക്ക് കണ്ണീരിറ്റുന്ന നോവല്ലാതെ മറ്റൊന്നും നൽകാൻ കഴിയില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് കൊണ്ട്. പിടിച്ചു നിൽക്കാൻ കഴിയാതെ പലരും അധ്യാപകർക്കൊപ്പം വേഗം ക്ലാസിലേക്ക് മടങ്ങി. കുഴഞ്ഞുവീണ വിദ്യാർഥിനിക്ക് വൈദ്യ സഹായം നൽകി. സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങിയവർക്ക് ചിലതെങ്കിലും പൂർത്തിയാക്കി നൽകാൻ സ്നേഹം നിറയ്ക്കുന്നവർ തയാറെടുത്തു കഴിഞ്ഞു.വീടില്ലാത്ത നിതയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ പരിശ്രമം തുടങ്ങിക്കഴിഞ്ഞുവെന്ന പ്രസംഗത്തിലെ ഭാഗം ഉൾപ്പെടുത്താവുന്നതാണ്.
പരീക്ഷാക്കാലമാണെങ്കിലും പഠിച്ചിട്ടും, ഓർമ നിറഞ്ഞിട്ടും ക്ലാസിനുള്ളിലേക്ക് ചേക്കേറാൻ മടിച്ച് പലരും. വട്ടത്തിലിരുന്ന് സ്വയം ആശ്വസിപ്പിച്ച് കൂട്ടുകാരെ മാത്രം ഓർത്ത് കരഞ്ഞ്. ഇങ്ങനെ വട്ടത്തിലിരിക്കാൻ ഇനി നാലുപേരുമില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്. കുരുന്നുകളുടെ ജീവനെടുത്ത പനയംപാടം ഭാഗത്തെ റോഡിൻ്റെ പിഴവ് പരിഹരിക്കുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്. റോഡിൻ്റെ മിനുസം ഒഴിവാക്കി പരുക്കൻ മട്ടിലേക്ക് മാറ്റുന്നതിനൊപ്പം ഡിവൈഡറുകൾ സ്ഥാപിച്ച് അമിതവേഗം ഒഴിവാക്കുന്നതിനും ശ്രമം തുടങ്ങി.