sabari-rail

കേരളസർക്കാർ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയെങ്കിൽ മാത്രമേ ശബരി റെയിൽ പദ്ധതി വേഗത്തിൽ നടപ്പാക്കാനാകൂവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം കാരണം സംസ്ഥാനത്തെ വിവിധ റെയിൽവേ പദ്ധതികൾ തടസ്സപ്പെട്ടിരിക്കുകയാണെന്നും വിമർശനം. പദ്ധതികൾക്കായി 475 ഹെക്ടര്‍ ഭൂമി വേണ്ടിടത്ത് വെറും 64 ഹെക്ടർ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ എന്നും അശ്വിനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചു.  

ശബരി റെയിൽ പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിചുള്ള ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ മറുപടി. നിലവിലെ എസ്റ്റിമേറ്റ് തുകയായ 3801 കോടി രൂപ പങ്കിടുന്നതിൽ കേന്ദ്രവും കേരളവും ധാരണയായിട്ടുണ്ടെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു. ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് സ്ഥലം ഏറ്റെടുപ്പിലാണ്. പദ്ധതിയുടെ നടത്തിപ്പിന്‍റെ വേഗത, വേഗത്തിലുള്ള ഭൂമി ഏറ്റെടുക്കലിനെ ആശ്രയിച്ചിരിക്കുന്നു. റെയിൽവേയ്ക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ വഴിയൊരുക്കണം. ശബരി റെയിൽ പദ്ധതി ഉൾപ്പെടെ കേരളത്തിൽ നടപ്പാക്കാൻ പോകുന്ന റെയിൽവേ പദ്ധതികൾക്കായി ആകെ ആവശ്യമുള്ള ഭൂമി 475 ഹെക്ടർ. ഇതിൽ 64 ഹെക്ടർ മാത്രമേ നിലവിൽ ഏറ്റെടുത്തിട്ടുള്ളൂ. ബാക്കി 411 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കണം. ഇതിൽ ശബരി റെയിൽ നടപ്പാക്കാൻ മാത്രം വേണ്ടി വരിക 416 ഹക്ടർ ഭൂമി. ഏറ്റെടുത്തതാകട്ടെ 24 ഹെക്ടർ മാത്രം. ബാക്കിയുള്ള 392 ഹെക്ടർ എത്രയും വേഗം ഏറ്റെടുക്കണം എന്നതാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം കാരണം സംസ്ഥാനത്ത് റെയിൽവേയുടെ പല പദ്ധതികളിലും വൈകുന്നുണ്ടെന്ന കുറ്റപ്പെടുത്തലും കേന്ദ്രമന്ത്രിയുടെ മറുപടിയിലുണ്ട്. പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ പിന്തുണ കിട്ടിയെങ്കിൽ മാത്രമേ അത് വിജയിക്കുകയുള്ളെന്നും മന്ത്രി പറയുന്നു. വിവിധ പദ്ധതികൾക്കായി സ്ഥലമെടുപ്പിനായി റെയിൽവേ 2111.83 കോടി രൂപ കേരള സർക്കാരിലേക്ക് നിക്ഷേപിച്ചതായാണ് കേന്ദ്രത്തിന്‍റെ കണക്ക്. ഇതിൽ 282 കോടി രൂപ ശബരിറയിലൈനായിരുന്നു. ശബരി റെയിൽ പദ്ധതിയുടെ ഭാവി ചർച്ചചെയ്യാൻ മുഖ്യമന്ത്രി 17ന് വിളിച്ച ഓൺലൈൻ യോഗം നിർണായകമാണ്. സ്ഥലം ഏറ്റെടുപ്പ്, ത്രികക്ഷിരാർ മാതൃക നടപ്പാക്കൽ തുടങ്ങിയവ ചർച്ചയാകും. എറണാകുളം ഇടുക്കി കോട്ടയം ജില്ലാ കളക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ENGLISH SUMMARY:

Sabari Rail Project; Railway Minister to complete land acquisition quickly