ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകരെ തടഞ്ഞുനിർത്തിയുള്ള വിഐപി പരിഗണനകൾ ഉണ്ടാകുന്നില്ല എന്ന് ദേവസ്വം ബോർഡും പൊലീസും ഉറപ്പുവരുത്തണം. നടൻ ദിലീപിന് എങ്ങനെയാണ് പ്രത്യേക പരിഗണന ലഭിച്ചതെന്നും, ഇനി ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
Read Also: ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തുകൊടുത്തില്ല; ശബരിമല സ്പെഷൽ പൊലിസ് ഓഫീസർ
ദിലീപിന്റെ വിഐപി പരിഗണനയിലുള്ള ശബരിമല ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. വടക്കുഭാഗത്തു നിന്ന് തെക്ക് ഭാഗത്തേക്ക് ഇറങ്ങുന്ന ഒന്നാം നിരയിലേക്ക് ഭക്തരുടെ പ്രവേശനം തടഞ്ഞാണ് ദേവസ്വം ഗാർഡുകൾ ദിലീപിനെ അവിെട നിലയുറപ്പിക്കാൻ സഹായിക്കുന്നത്. ഇതിനായി 10.51 മുതൽ ദേവസ്വം ഗാർഡുകള്‍ ഒന്നാം നിരയിലേക്ക് മറ്റു ഭക്തർ പ്രവേശിക്കാതിരിക്കാൻ തടയുന്നത് കാണാം.
തുടർന്ന് അവിടേക്കെത്തിയ ദിലീപ് രാത്രി 10.58 മുതൽ രാത്രി 11.05 വരെ ശ്രീകോവിലിന് മുന്നിൽ നിൽക്കുന്നുണ്ട്. ദിലീപ് അവിടെ നിന്ന് സോപാനത്തിന്റെ തെക്കു ഭാഗത്തേക്ക് കടന്നു പോകുന്നതു വരെ ഒന്നാം നിര പൂർണമായി തടഞ്ഞിരുന്നു. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇനി ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സോപാനത്ത് ആർക്കും പ്രത്യേക പരിഗണന പാടില്ലെന്ന് കർശന നിർദ്ദേശം നൽകി. ദേവസ്വം ബോർഡും ചീഫ് പൊലീസ് കോർഡിനേറ്ററും ഇക്കാര്യം ഉറപ്പുവരുത്തണം.
ദിലീപിന്റെ വിഐപി ദർശനത്തിൽ ദേവസ്വം ബോർഡ് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ, 2 ദേവസ്വം ഗാർഡുകൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും