തിരുവനന്തപുരം പാലോട് ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്തതിൽ ഭർത്താവിന്‍റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കണമെന്ന് മരിച്ച ഇന്ദുജയുടെ കുടുംബം മനോരമ ന്യൂസിനോട്. ഇന്ദുജ സ്വന്തം വീട്ടിൽ പോകുന്നത് പോലും അഭിജിത്തിൻറെ അമ്മ വിലക്കിയിരുന്നുവെന്ന് പിതാവ് ശശിധരൻ കാണി പറഞ്ഞു. അതേസമയം, റിമാൻഡിലായ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്ത് ഒന്നാംപ്രതിയും സുഹൃത്ത് അജാസ് രണ്ടാംപ്രതിയുമായാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ മകളുടെ മരണത്തിൽ അഭിജിത്തിൻറെ കുടുംബത്തിൻറെ പങ്കും വിശദമായി അന്വേഷിക്കണമെന്നാണ് ഇന്ദുജയുടെ കുടുംബത്തിൻറെ ആവശ്യം. അഭിജിത്തും സുഹൃത്ത് അജാസും ചേർന്ന് ഇന്ദുജയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത് സംബന്ധിച്ച് ഭർതൃവീട്ടുകാർക്ക് ഒന്നുമറിയില്ലെന്ന പൊലീസ് വാദം കുടുംബം തള്ളിക്കളയുകയാണ്.
അഭിജിത്ത് മർദ്ദിച്ചെന്ന് ഇന്ദുജ പറഞ്ഞിട്ടുണ്ടെന്നു വെളിപ്പെടുത്തിയ സഹോദരൻ ഷിനു അജാസിനെ അറിയില്ലെന്നു കൂട്ടിച്ചേർത്തു. കിടപ്പുമുറിയിലെ ജനാലകമ്പിയിൽ ഇന്ദുജയെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാർ അറിയിച്ചിട്ടുള്ളത്. എന്നാൽ വീട്ടുകാർ അല്ലാതെ ഇത് മറ്റാരും കണ്ടിട്ടില്ല.
ജീവൻ ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു എന്നുമാണ് കുടുംബം പൊലീസിന് നൽകിയിട്ടുള്ള മൊഴി. ഇതും ഇന്ദുജയുടെ കുടുംബം വിശ്വസിക്കുന്നില്ല. അതേസമയം പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയശേഷം കുടുംബത്തെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.