v-sivankutty-03
  • കലോല്‍സവനൃത്തത്തിന് നടി അ‍ഞ്ചുലക്ഷം ചോദിച്ചെന്ന ആരോപണം പിന്‍വലിച്ച് മന്ത്രി
  • വെഞ്ഞാറമൂട്ടില്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു: വി.ശിവന്‍കുട്ടി
  • കുട്ടികളുടെ ഉല്‍സവം അനാവശ്യ വിവാദത്തില്‍ ആക്കേണ്ടെന്ന് നിലപാട്

സംസ്ഥാന സ്കൂള്‍  കലോല്‍സവ നൃത്തത്തിന് നടി അ‍ഞ്ചുലക്ഷം ചോദിച്ചെന്ന ആരോപണം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വെഞ്ഞാറമൂട്ടില്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണ്. തന്നോടല്ല, തന്റെ പ്രസ് സെക്രട്ടറി രാജീവിനോടാണ് തുക ചോദിച്ചത്. കുട്ടികളുടെ ഉല്‍സവം അനാവശ്യ വിവാദത്തില്‍ ആക്കേണ്ടന്നും ഇക്കാര്യത്തില്‍ ആരും ആരെയും സംശയിക്കേണ്ടെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.

 

നടിക്ക് അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമെന്നും വി.ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയില്ല. കഴിഞ്ഞവര്‍ഷം നൃത്തരൂപം ഒരുക്കാന്‍ പണം വാങ്ങിയില്ലെന്നും വ്യക്തമാക്കി ആശാ ശരത്തും കുട്ടികളുടെ പരിപാടിക്ക് പണം ചോദിച്ചതാണ് തെറ്റെന്ന് പറഞ്ഞ് കരമന സുധീറും മന്ത്രിയെ പിന്തുണച്ചു. കലാപ്രകടനത്തിന് കൂലി ചോദിച്ചതില്‍ തെറ്റില്ലന്ന് പറഞ്ഞ് നര്‍ത്തകി നീനാ പ്രസാദ് നടിയെ പിന്തുണച്ചു. Also Read: 'ഞാന്‍ പ്രതിഫലം വാങ്ങാറില്ല'; പണം ചോദിച്ചതാരെന്നറിയില്ല: ആശ ശരത്...

സുരാജ് വെഞ്ഞാറമൂടും കരമന സുധീറും പങ്കെടുത്ത വെഞ്ഞാറമൂട്ടിലെ സംസ്ഥാന പ്രഫഷണല്‍ നാടകോത്സവ സമാപന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ലക്ഷങ്ങള്‍ ചോദിച്ച നടിയെ വിമര്‍ശിക്കാന്‍ ഫഹദ് ഫാസിലിനെയും മന്ത്രി കൂട്ടുപിടിച്ചു.

കലോല്‍സവത്തിലെ മികച്ച പ്രകടനത്തിലൂടെ സിനിമയിലെത്തി നായികയാവുകയും പിന്നീട് ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലും മിനിസ്ക്രീനിലുമെത്തുകയും ചെയ്ത് നടിയെയാണ് മന്ത്രി ലക്ഷ്യമിട്ടത്. കലോല്‍സവത്തില്‍ സൗജന്യമായി സഹകരിക്കുന്നതാണ് വര്‍ഷങ്ങളായി ഭൂരിഭാഗം കലാകാരന്‍മാരുടെയും ശീലമെന്ന് പറഞ്ഞ് നടിയുടെ നിലപാടിനെ ആശാ ശരത്തും കരമന സുധീറും ആര്‍.എല്‍.വി രാമകൃഷ്ണനും തള്ളി.  ഒട്ടേറെ സാധാരണ കലാകാരന്‍മാരുണ്ടായിരിക്കെ സിനിമാ നടിയെ ക്ഷണിച്ച ശേഷം വിമര്‍ശിക്കുന്ന മന്ത്രിയുെട നിലപാടിന് സമൂഹമാധ്യമങ്ങളിലും പരിഹാസമുണ്ട്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Minister V Sivankutty withdraws allegation that actress asked for Rs 5 lakh for school Kalolsavam dance