സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ഒഴിവാകുന്ന ടീകോമിന് നല്‍കുന്നത് നഷ്ടപരിഹാരമല്ല ഓഹരിമൂല്യകണക്കാക്കിയുള്ള തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട് സിറ്റി ഭൂമി പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. പൊതുമേഖലയിലുള്ള ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്നും അവിടെ സ്വകാര്യസംരംഭകര്‍ക്ക് കമ്പനികള്‍ തുടങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് യുഎഇ കമ്പനിയായ ടീകോം ഒഴിവാകുന്നതിന്‍റെ കാരണം മുഖ്യമന്ത്രി പറഞ്ഞില്ല. അവരുടെ ഒാഹരിമൂല്യം, ചെലവഴിച്ചതുക, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് എത്രതുക ടീകോമിന് നല്‍കണം എന്ന് തീരുമാനിക്കും. ഇത് നഷ്ടപരിഹാരമല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ ഇത്രയും ദിവസം നഷ്ടപരിഹാരം എന്നുപറഞ്ഞതിനെയാണ് മുഖ്യമന്ത്രി തിരുത്തിയത്.
സ്മാര്‍ട്ട് സിറ്റി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ആര്‍ക്കും പതിച്ചുനല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പൊതുമേഖലയില്‍ ഐടി പാര്‍ക്ക് സാഥാപിക്കും. ഇവിടെ സ്വകാര്യസംരഭകര്‍ക്ക് കമ്പനികള്‍ തുടങ്ങാം. സുഹൃദ് രാജ്യമായ യുഎഇയിലെ സര്‍ക്കാരിന് പങ്കാളിത്തമുള്ള ടീകോമുമായി ദീര്‍ഘമായ നിയമ നപടിക്ക് പോകാനാഗ്രഹിക്കുന്നില്ല. പദ്ധതിയെ കുറിച്ച് ആരും തെറ്റിധാരണ പരത്തരുതെന്നും സ്ഥലം ഫലപ്രദമായി ഉപയോഗിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.